ജാനകിയുടെ നാമത്തിൽ

Friday 11 July 2025 4:50 AM IST

അനൗൺസ് ചെയ്ത സമയം മുതൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ചതായിരുന്നു പുതിയ സുരേഷ് ഗോപി ചിത്രത്തിന്റെ പേര്. 'ജെ.എസ്.കെ - ജാനകി v/s സ്റ്റേറ്റ് ഒഫ് കേരള'. എന്നാൽ റിലീസ് അടുത്തതോടെ ആ ടൈറ്റിൽ തന്നെ പുലിവാലായി. 'ജാനകി'യിൽ കത്രിക വയ്ക്കണമെന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ചു. വിവാദത്തിനും രണ്ടാഴ്ചത്തെ നിയമപോരാട്ടത്തിനും ശേഷം ജാനകി കാര്യമായ മാറ്റങ്ങളില്ലാതെ, ഒരു ഇനിഷ്യൽ സഹിതം പുറത്തിറങ്ങുകയാണ്. എന്തിനായിരുന്നു ഈ പൊല്ലാപ്പുകൾ എന്ന ചോദ്യമാണ് ഇപ്പോൾ സമൂഹത്തിൽ ഉയരുന്നത്.

ജാനകി മാറി ജാനകി വി. ആയി! 'ജെ.എസ്.കെ - ജാനകി വി. v/s സ്റ്റേറ്റ് ഒഫ് കേരള'. ബില്ലു ബാർബർ, ബില്ലു ബി. ആയി. സെക്സി ദുർഗ, എസ്.ദുർഗ ആയി. പത്മാവതി സിനിമയുടെ പേര് പത്മാവത് എന്നു മാറ്റി. മുമ്പ് പൊൻമുട്ടയിടുന്ന തട്ടാൻ മാറി പൊൻമുട്ടയിടുന്ന താറാവ് ആയിട്ടുണ്ട്. സിനിമാപ്പേര് വിവാദങ്ങൾ പലതും കോടതി കയറുകയും ചെയ്തു. ജാനകിയുടെ കാര്യത്തിൽ പേരു മാത്രമായിരുന്നില്ല പ്രശ്നം. ഉള്ളടക്കത്തിലും സെൻസർ ബോർഡ് കുഴപ്പങ്ങൾ കണ്ടു. സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചു. റിവൈസിംഗ് കമ്മിറ്റിയും തീരുമാനം ശരിവച്ചു. ഹൈക്കോടതി ശക്തമായ പരാമർശങ്ങൾ നടത്തി. ജഡ്ജി സിനിമ കണ്ട് വിലയിരുത്തി. അങ്ങനെയാണ് വലിയ ചർച്ചയുണ്ടായത്. എന്നാൽ മലപോലെ വന്ന പ്രശ്നം എലി പോലെ പോയി. എന്തിനായിരുന്നു ഈ കോലാഹലങ്ങൾ എന്ന് സാമാന്യ ജനം ചോദിക്കുന്നത് അതുകൊണ്ടാണ്. റിലീസ് വേളയിലെ വിവാദം ജാനകി സിനിമ ജൂൺ 27ന് റിലീസ് ചെയ്യാനിരുന്നതാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മകൻ മാധവും ഒന്നിക്കുന്ന ചിത്രം. അണിയറക്കാർ വലിയ പ്രമോഷനും നടത്തി. ഇതിനിടെയാണ് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചുകൊണ്ടുള്ള തീരുമാനമുണ്ടായത്.

ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വിളിച്ച വാർത്താ സമ്മേളനത്തിലൂടെയാണ് വിവരം പുറംലോകമറിഞ്ഞത്. പീഡനത്തിനിരയായ നായികയ്ക്ക് സീതാദേവിയുടെ മറ്റൊരു പേരായ ജാനകി നൽകിയതാണ് പ്രശ്നമെന്നും വെളിപ്പെടുത്തി. ടൈറ്റിലിലും ഉള്ളക്കത്തിലും നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തിയാൽ 96 കട്ടുകൾ വേണ്ടിവരുമെന്ന ധർമ്മസങ്കടം അണിയറക്കാരും പങ്കുവച്ചു. എന്നാൽ സർട്ടിഫിക്കറ്റ് നിഷേധിക്കാനുള്ള കാര്യകാരണങ്ങൾക്ക് സ്ഥിരീകരണമുണ്ടായില്ല. വൈകാതെ വിഷയം ഹൈക്കോടതിയിലെത്തി. മാറ്റങ്ങൾ വേണമെന്ന് ആവർത്തിച്ച സെൻസർ ബോർഡ് ആദ്യമൊന്നും കാരണം എന്തെന്ന് വ്യക്തമാക്കിയില്ല. കലാകാരന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടുകയാണോ എന്ന് ചോദിച്ച കോടതി, വിശദീകരണം തേടി. രാമൻ, കേശവൻ, ആന്റണി, മുഹമ്മദ്... എന്നിങ്ങനെ ഇന്ത്യയിൽ 80% ആളുകളുടെ പേരുകളും ദൈവങ്ങളുമായി ബന്ധപ്പെട്ടതാണല്ലോയെന്നും പറഞ്ഞു. സിനിമ കണ്ട് വിലയിരുത്താൻ ജസ്റ്റിസ് എൻ. നഗരേഷ് തീരുമാനിച്ചു. കാക്കനാട്ടെ സ്റ്റുഡിയോയിൽ ജഡ്ജിക്കായി പ്രത്യേക പ്രദർശനവും ഒരുക്കി.

കാടുകയറിയ സെൻസർ ബോർഡ്

സിനിമയിൽ അതിജീവിതയായ നായികയ്ക്ക് ജാനകി എന്ന പേര് നൽകിയത് മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്നാണ് സെൻസർ ബോർഡ് വാദിച്ചത്. സീതാദേവിയുടെ പേര് നൽകിയിരിക്കുന്ന കഥാപാത്രത്തോട് സിനിമയിലെ ക്രോസ് വിസ്താര സീനുകളിൽ പ്രകോപനപരമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. അശ്ലീല സിനിമകൾ കാണാറുണ്ടോ, ആൺ സുഹൃത്തുണ്ടോ, ലൈംഗിക സുഖം വർദ്ധിപ്പിക്കാൻ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നോ എന്നിങ്ങനെയാണ് ചോദ്യങ്ങൾ. ഇതൊക്കെ പൊതുസമൂഹത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കും. ജാനകി എന്ന കഥാപാത്രത്തെ സഹായിക്കുന്നത് ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടയാളാണ്. ക്രോസ് വിസ്താരം ചെയ്യുന്നത് മറ്റൊരു മതത്തിൽ ഉൾപ്പെട്ടയാളും. ഹിന്ദിയടക്കം അഞ്ച് ഭാഷകളിൽ സിനിമ പ്രദർശിപ്പിക്കുന്നുണ്ട്. പേര് മാറ്റിയില്ലെങ്കിൽ ക്രമസമാധാനത്തിന് വലിയ ഭീഷണിയാണ്. സാമുദായിക സംഘർഷത്തിന് ഇടയാക്കാം. ജാനകിയെ വെറും സാധാരണ പേരായി മാത്രം കണക്കിലെടുക്കാനാകില്ല. സീതാ ദേവിയുടെ പേരിനോട് ചേർന്ന് നിൽക്കുന്നതാണത്. അത്തരത്തിൽ പേര് ഉപയോഗിക്കുന്നതിൽ സിമറ്റോഗ്രാഫ് ആക്ട് വിലക്കുന്നുണ്ട്. മുമ്പിറങ്ങിയ ചില സിനിമയിൽ ജാനകി എന്ന പേര് ഉപയോഗിച്ചത് പോലെയല്ല ഈ സിനിമ. ജാനകി ജാനെ അടക്കമുള്ള സിനിമകളാണ് സെൻസർ ബോർഡ് സി.ഇ.ഒ രാജേന്ദ്ര സിംഗിന്റെ മറുപടി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയത്.

'ക്ലൈമാക്സി"ലെ ഒത്തുതീർപ്പ്

സിനിമയുടെ പേരിലും രണ്ടു കോടതി രംഗങ്ങളിലും മാറ്റങ്ങൾ വരുത്തണമെന്ന സെൻസർ ബോർഡ് നിർദ്ദേശം കോടതിയിൽ വച്ച് നിർമ്മാതാക്കൾ സമ്മതിക്കുകയായിരുന്നു. ജാനകിക്ക് 'വി" എന്ന ഇനീഷ്യൽ ചേർത്ത് 'ജാനകി. വി v/s സ്റ്റേറ്റ് ഒഫ് കേരള" എന്ന് മാറ്റും. ക്രോസ് വിസ്താര സീനുകളിൽ ഈ പേര് പറയുന്നിടം നിശബ്ദമാക്കും. സിനിമയുടെ മാറ്റം വരുത്തിയ പ്രിന്റ് സമർപ്പിച്ചാൽ മൂന്ന് ദിവസത്തിനകം സെൻസർ സർട്ടിഫിക്കറ്റ് നൽകാമെന്ന് ബോർഡ് അറിയിച്ചു. ഇരുപക്ഷത്തിന്റെയും ഉറപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് എൻ. നഗരേഷ് ഹർജി വീണ്ടും 16ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു.

കഥാപാത്രത്തിന്റെ പേര് ജാനകി വിദ്യാധരൻ എന്നായതിനാലാണ് 'വി" എന്ന ഇനിഷ്യൽ ബോർഡ് നിർദ്ദേശിച്ചത്. സിനിമയിൽ 96 ഇടത്ത് മാറ്റങ്ങൾ വേണ്ടിവരുമെന്നായിരുന്നു നിർമ്മാതാക്കളുടെ ആശങ്ക. ഇത് പരിഗണിച്ചാണ് കേവലം രണ്ടു മാറ്റങ്ങൾ മാത്രം നിർദ്ദേശിക്കുന്നതെന്ന് കേസ് പരിഗണിച്ചപ്പോൾ ബോർഡ് അറിയിച്ചു. ഇരുകൂട്ടരും വിട്ടുവീഴ്ചയ്‌ക്ക് തയ്യാറായതോടെ സിനിമയുടെ കാര്യത്തിൽ കോടതിക്ക് നിലപാട് വ്യക്തമാക്കേണ്ടി വന്നില്ല.

സിനിമയുടെ 1:06:45 മണിക്കൂർ മുതൽ 1:08:32വരേയും 1:08:33 മുതൽ 1:08:36 വരെയുമാണ് മാറ്റം വരുത്തേണ്ട സീനുകൾ. ഇതിൽ ജാനകി എന്ന് ആവർത്തിക്കുന്നിടം ഒഴിവാക്കണം. ഏതായാലും 'വി'ശുദ്ധി വരുത്തി ജാനകി പുറത്തിറങ്ങുകയാണ്. സംഭവവികാസങ്ങളേ തുടർന്ന് സിനിമയ്ക്ക് വലിയ പബ്ലിസിറ്റി കിട്ടി. കഥയിൽ ചില സ്പോയ്ലറുകളും സംഭവിച്ചു. ബാക്കിയെല്ലാം പ്രേക്ഷകരുടെ പ്രതികരണത്തിന് വിട്ടുകൊടുക്കാം.