'ക്യാമറക്കണ്ണട ' സുരക്ഷാവീഴ്ചകളുടെ ആശങ്കയിൽ ശ്രീപദ്മനാഭസ്വാമിക്ഷേത്രം

Friday 11 July 2025 5:05 AM IST

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ക്യാമറയുള്ള കണ്ണടയുമായി ഒരാൾ കടന്നത് സുരക്ഷാവീഴ്ചകളിലെ ആശങ്ക വർദ്ധിപ്പിക്കുന്നു.ക്യാമറയ്ക്കും വീഡിയോ ഫോട്ടോ ചിത്രീകരണത്തിനും കർശന നിരോധനമുള്ളപ്പോഴായിരുന്നു സംഭവം.

ക്യാമറയുള്ള കണ്ണടയുമായി അകത്തുകടന്നത് കൗതുകത്തിനായിരുന്നെന്നും നിയന്ത്രണങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നുമാണ് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രഷായുടെ വിശദീകരണം.

സുരേന്ദ്രഷായും സംഘവും ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുൻപ് പൊലീസ് ഇവരെ പരിശോധിച്ചിരുന്നെങ്കിലും കണ്ണടയിലെ ക്യാമറ ശ്രദ്ധയിൽപ്പെട്ടില്ല.ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപുള്ള ക്ഷേത്രം സുരക്ഷാ ജീവനക്കാരുടെ പരിശോധനയിലാണ് ക്യാമറ ശ്രദ്ധിച്ചത്.

രാമേശ്വരവും മധുരയും ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്ന സുരേന്ദ്രഷാ യാത്രകളിലെല്ലാം ഈ കണ്ണട ഉപയോഗിച്ചിരുന്നു.ബന്ധുക്കളും വൃദ്ധരുമായ നാല് സ്ത്രീകൾക്കൊപ്പമാണ് സുരേന്ദ്രഷാ ക്ഷേത്രങ്ങൾ സന്ദർശിക്കാനെത്തിയത്.

ഞായറാഴ്ചയാണ് സുരേന്ദ്രഷാ പിടിയിലായത്.കണ്ണടയും ഫോണും പിടിച്ചെടുത്ത പൊലീസ് ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് ഇദ്ദേഹത്തെ പൊലീസ് വിട്ടയച്ചത്.സുരേന്ദ്രഷായുടെ കൈവശമുണ്ടായിരുന്ന രേഖകളും പൊലീസിന്റെ പക്കലുണ്ട്.എപ്പോൾ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന വ്യവസ്ഥയിൽ നോട്ടീസ് നൽകിയാണ് സുരേന്ദ്രഷായെ വിട്ടയച്ചതെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു.

ഗുരുതര വീഴ്ച

ക്യാമറക്കണ്ണട സുരക്ഷാജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നത് ഗുരുതരവീഴ്ചയിലേക്ക് വിരൽചൂണ്ടുന്നു. മെറ്റൽ ഡിറ്റക്ടറടക്കം സുരക്ഷാ ഉപകരണങ്ങളും കേന്ദ്രസംസ്ഥാന സേനയിൽ നിന്നായി നൂറിലേറെ സുരക്ഷാ ഉദ്യോഗസ്ഥരുമുള്ള ക്ഷേത്രത്തിലാണ് സുരക്ഷാവീഴ്ച ആവർത്തിക്കുന്നത്.

റിപ്പോർട്ട് നൽകി

ക്ഷേത്രത്തിലെ കർശന സുരക്ഷയെയും നിയന്ത്രണങ്ങളെയും കുറിച്ച് അറിവില്ലാതെയാണ് സുരേന്ദ്രഷാ ക്ഷേത്രത്തിൽ പ്രവേശിച്ചതെന്ന് സ്പെഷ്യൽ ബ്രാഞ്ച് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ ഇയാളുടെ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. ക്ഷേത്രത്തിലെ ദൃശ്യങ്ങൾ പകർത്തി ആർക്കെങ്കിലും പങ്കുവച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

സുരക്ഷാ വീഴ്ച മുൻപും

2024 ഒക്ടോബറിൽ ക്ഷേത്രത്തിനുള്ളിൽനിന്നും പുരാവസ്തു ശേഖരത്തിൽപ്പെട്ട തളിപാത്രം കൈവശപ്പെടുത്തിയെന്ന പരാതിയിൽ ഓസ്‌ട്രേലിയൻ പൗരൻ ഗണേശ്‌ ഝായെ പൊലീസ് പിടികൂടിയിരുന്നു. ഇത് മോഷണമല്ലെന്ന് കണ്ടെത്തി ഇയാളെ വിട്ടയച്ചിരുന്നു. ഒരുമാസം മുൻപ് 13 പവന്റെ സ്വർണദണ്ഡ് കാണാതാവുകയും പിന്നീട് മണലിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ഏപ്രിലിൽ ക്ഷേത്രത്തിന് മുകളിലെ നിരോധിത മേഖലയിൽ വ്ളോഗറായ കൊറിയൻ യുവതി ഡ്രോൺ പറത്തിയിരുന്നു.