മദ്യലഹരിയിൽ ജെ.സി.ബി കടത്താൻ  ശ്രമം: യുവാക്കളെ പിടികൂടി

Friday 11 July 2025 10:59 PM IST

പീരുമേട്: വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ പാർക്ക് ചെയ്തിരുന്ന ജെ.സി.ബി കടത്താൻ ശ്രമിച്ച മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. പശുമല സ്വദേശികളായ അരുൾ,സ്റ്റീഫൻ, ജിബിൻ, എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണ് മാറ്റുന്നതിന് പാർക്ക് ചെയ്തിരുന്ന ജെ.സി ബിയാണ് മദ്യലഹരിയിലായ യുവാക്കൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇതിൽ അരുൾ തനിക്ക് ജെ.സി.ബി ഓടിക്കാൻ അറിയാമെന്ന് പറയുകയും തുടർന്ന് വണ്ടിയിൽ നിന്നും താക്കോൽ കണ്ടെത്തി മൂവരും ചേർന്ന് സ്റ്റാർട്ടാക്കി റോഡിലേക്ക് കയറ്റാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടയിൽ ഇവിടെ നിർത്തിയിട്ടിരുന്ന ലോറിയുടെ പടുത കീറിയതിനെ തുടർന്ന് ബഹളംകേട്ട് നാട്ടുകാരെത്തി ജെ.സി.ബി തടഞ്ഞ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത മൂവരെയും വാഹന ഉടമക്ക് പരാതിയില്ലാത്തതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.