പെരുമ്പ സ്കൂളിൽ 'പാവ"ങ്ങളുടെ നൂറാം വാർഷികം

Thursday 10 July 2025 7:47 PM IST

പയ്യന്നൂർ : വിക്ടർ ഹ്യൂഗോവിന്റെ വിഖ്യാത ഫ്രഞ്ച് നോവലിന്റെ മലയാളപരിഭാഷയായ പാവങ്ങൾ എന്ന കൃതിയുടെ നൂറാം വാർഷികം പ്രമാണിച്ച് പെരുമ്പ ജി.എം.യു.പി സ്‌കൂളിലെ കുട്ടികൾ 100 ദിവസം പാവങ്ങൾ പുസ്തകം വായിക്കും.1925ൽ കവി നാലപ്പാട്ട് നാരായണ മേനോനാണ് ഫ്രഞ്ച് കൃതി മലയാളത്തിലേക്ക് പാവങ്ങൾ എന്ന പേരിൽ പരിഭാഷപ്പെടുത്തിയത്.പാവങ്ങൾ എന്ന കൃതി കുട്ടികൾക്കു വേണ്ടി പുനരാഖ്യാനം ചെയ്ത് കെ.തായാട്ട് എഴുതിയ ജീൻവാൽജീൻ എന്ന കൃതിയാണ് കുട്ടികൾ നൂറു ദിവസം സ്‌കൂളിൽ വായിക്കുന്നത്. പരിപാടിയുടെ ഭാഗമായി പ്രത്യേക വായനാസംവാദങ്ങൾ നടത്തും.നൂറാം ദിവസത്തിൽ പാവങ്ങളുടെ നാടകാവിഷക്കാരം കൂടി കുട്ടികൾ അവതരിപ്പിക്കും. സ്‌കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ പാവങ്ങളുടെ വായന എ.വി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ വി.ടി.രഞ്ജിത്ത്, ഹെഡ്മാസ്റ്റർ സി.എം.വിനയചന്ദ്രൻ,വി.പ്രമോദ് എന്നിവർ സംസാരിച്ചു.