മാന്യമായി മുടിവെട്ടി വരണമെന്ന് പ്രിന്‍സിപ്പല്‍; സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ചെയ്തത് കൊടും ക്രൂരത

Thursday 10 July 2025 8:40 PM IST

ചണ്ഡീഗഡ്: സ്‌കൂളില്‍ ക്ലാസിനെത്തുമ്പോള്‍ മുടി വെട്ടി മാന്യമായി എത്തണമെന്ന് ആവശ്യപ്പെട്ട പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ കൊലപ്പെടുത്തി. ഹരിയാനയിലെ ഹിസാറിലെ കര്‍താര്‍ മെമ്മോറിയല്‍ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ജഗ്ബീര്‍ സിംഗ് പന്നുവാണ് കൊല്ലപ്പെട്ടത്. സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വ്യാഴാഴ്ചയാണ് ക്രൂര കൃത്യം ചെയ്തത്. ശകാരിച്ചത് ഇഷ്ടപ്പെടാതിരുന്ന 15 വയസ്സ് മാത്രം പ്രായമുള്ള രണ്ട് വിദ്യാര്‍ത്ഥികളാണ് സംഘം ചേര്‍ന്ന് കൊലപാതകം നടത്തിയത്.

വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞതായി ഹാന്‍സി പൊലീസ് സൂപ്രണ്ട് അമിത് യശ്വര്‍ദ്ധന്‍ അറിയിച്ചു. മുടി മുറിക്കണമെന്നും ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ അച്ചടക്ക ലംഘനത്തിന് വിദ്യാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതരായ വിദ്യാര്‍ഥികള്‍ ജഗ്ബീറിനെ ആക്രമിക്കുകയായിരുന്നുവെന്ന് എസ്.പി മാദ്ധമങ്ങളോട് പറഞ്ഞു.

കുത്തേറ്റ ജഗ്ബീറിനെ ഹിസാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്നും മടക്കാനാകുന്ന കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ വിദ്യാര്‍ത്ഥികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. പ്രതികളായ വിദ്യാര്‍ത്ഥികള്‍ സമൂഹമാദ്ധ്യമത്തില്‍ ഭീഷണി സന്ദേശങ്ങളും പങ്കുവച്ചിരുന്നതായും പറയപ്പെടുന്നു.