വെളിച്ചവും വെള്ളവുമില്ലാതെ കളപ്പുരയിലെ ദുരിതജീവിതം: മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് കേസെടുത്തു
ജില്ലാകളക്ടറും വനിതാശിശുക്ഷേമ വകുപ്പും ഏഴുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം
കാസർകോട് :ചുറ്റുമതിൽ ഇല്ലാതെ കാടുമൂടിയ ഒന്നര ഏക്കർ പറമ്പിൽ പഴകി ജീർണിച്ച് തകർന്ന വീടിനോട് ചേർന്ന കളപ്പുരയിൽ 15 വർഷമായി ഒറ്റയ്ക്ക് താമസിക്കുന്ന കേൾവിക്കുറവുള്ള കെ.വി കാർത്ത്യായനിയുടെ (69) പരാതികൾ പരിശോധിച്ച് പരിഹാര നടപടികൾ ഉൾപ്പെടുത്തി ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് കാസർകോട് ജില്ലാ കളക്ടർക്കും ജില്ലാ വിമൻ ആന്റ് ചൈൽഡ് ഡവലപ്പ്മെന്റ് ഓഫീസർക്കും നിർദ്ദേശം നൽകി. പടന്ന ഗ്രാമ പഞ്ചായത്തിലെ തടിയൻകൊവ്വലിൽ നവീൻ ക്ലബിന് പിറകിലായി ആരോരും തിരിഞ്ഞുനോക്കാതെ ഒറ്റക്ക് താമസിക്കുന്ന കാർത്ത്യായനിയുടെ ദുരിതജീവിതം ജൂലൈ എട്ടിന് 'കേരള കൗമുദി'യാണ് പുറത്തുകൊണ്ടുവന്നത്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മിഷന്റെ നടപടി. നേരത്തെ കളപ്പുരയിലേക്കുള്ള വൈദ്യുതി കണക്ഷൻ കെ.എസ്.ഇ.ബി വിച്ഛേദിച്ചിരുന്നു. തൊഴിലുറപ്പിന് പോയാണ് ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നത്. പറമ്പ് കാടു മൂടിയതു കാരണം കുറുനരിയും പാമ്പുകളും ധാരാളമുണ്ട്. കുടുംബത്തിന്റെ നല്ല കാലത്ത് തേങ്ങയും മറ്റും സൂക്ഷിക്കാൻ പണിത കളപ്പുരയിലാണ് ഇവർ താമസിക്കുന്നത്. ഭർത്താവ് രാമചന്ദ്രൻ (68) പതിനഞ്ചു വർഷം മുമ്പാണ് മരിച്ചത്. മക്കളില്ലാത്ത ഇവർ അതോടെ അനാഥയായി. വീടും പറമ്പും ഭർതൃപിതാവിന്റെ പേരിലാണ്. ഭാഗം വച്ച് അവകാശം ലഭിക്കാത്തതിനാൽ വീടിന് വേണ്ടി അപേക്ഷ സമർപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കാർത്ത്യായനി. കളപ്പുരക്ക് പ്രത്യേകം കണക്ഷൻ നൽകണമെന്ന് നാട്ടുകാർ കെ.എസ്.ഇ.ബി.യോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. ജൂലായ് 17ന് കാസർകോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
അവകാശ രേഖയുണ്ടെങ്കിൽ കണക്ഷനെന്ന് കെ.എസ്.ഇ.ബി
ആവശ്യമായ രേഖകൾ സഹിതം പുതിയ അപേക്ഷ നൽകിയാൽ കാർത്ത്യായനി താമസിക്കുന്ന കളപ്പുരക്ക് വൈദ്യുതി കണക്ഷൻ നൽകാമെന്ന് കെ. എസ് .ഇ ബിയുടെ മറുപടി. കേരള കൗമുദി വാർത്തയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിഷയത്തിൽ ഇടപെട്ടിരുന്നു. മുഖ്യമന്ത്രിയുടെ പോർട്ടലിൽ നേരത്തെ പരാതി രജിസ്റ്റർ ചെയ്ത പരാതിക്ക് മറുപടിയായി തൃക്കരിപ്പൂർ സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ നൽകിയ മറുപടിയിൽ തിരിച്ചറിയൽ രേഖയും വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്തിന്റെ നിയമപരമായ അവകാശം തെളിയിക്കുന്ന രേഖയും ഹാജരാക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ കാർത്ത്യായനിയുടെ ഭർത്താവ് പി.രാമചന്ദ്രന്റെ കുടുംബസ്വത്ത് ഭാഗം വെച്ച് നൽകിയിട്ടില്ലാത്തതിനാൽ രേഖ ഹാജരാക്കുന്നതിന് തൽക്കാലം സാധിക്കാത്ത സ്ഥിതിയാണ്.