പേപ്പട്ടിയുടെ കടിയേറ്റ തെരുവുനായകളുണ്ട് നഗരത്തിൽ വേണം കരുതൽ

Thursday 10 July 2025 8:54 PM IST

കഴിഞ്ഞമാസം 75 ഓളം പേരെ കടിച്ച പേപ്പട്ടി നിരവധി നായകളെ കടിച്ചിട്ടുണ്ടാകാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്

കണ്ണൂർ: നഗരത്തിൽ കഴിഞ്ഞ മാസം 75 പേരെ കടിച്ച പേപ്പട്ടി പല തെരുവുനായകളെയും കടിച്ചിട്ടുണ്ടാകാമെന്നതിനാൽ വരുംദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് വെറ്റിനറി വകുപ്പിന്റെ മുന്നറിയിപ്പ്.പേപ്പട്ടിയുടെ കടിയേറ്റ തെരുവുനായകൾ ഈ ആഴ്ച മുതൽ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങാമെന്നാണ് വിദഗ്ദരുടെ കണക്കുകൂട്ടൽ.കടിയേറ്റ തെരുവുനായകൾക്ക് റാബിസ് പിടിപെടാൻ14 ദിവസമാണ് സാധാരണ നിലയിൽ എടുക്കുക. ചിലപ്പോൾ മാസങ്ങളുടുത്തുവെന്നും വരും.കടിയേറ്റയിടത്തുനിന്നും വൈറസ് തലച്ചോറിലേക്ക് പ്രവേശിച്ച് പെരുകി ഉമിനീരിലൂടെ പുറത്തുവരികയാണ് റാബിസിന്റെ രീതി .തലയുടെ അടുത്താണ് കടിയേറ്റതെങ്കിൽ പെട്ടെന്ന് പേവിഷബാധ ലക്ഷങ്ങൾ കണ്ടുതുടങ്ങും.അല്ലെങ്കിൽ രോഗം ബാധിക്കാൻ മാസങ്ങളെടുക്കുമെന്നും വിദഗ്ധർ പറയുന്നു.

തെരുവ് അപകടത്തിലേക്ക്

ജില്ലയിൽ കഴിഞ്ഞ മാസം 28 ന് പേവിഷബാധയേറ്റ് മരിച്ച അഞ്ചുവയസ്സുകാരൻ ഹാരിത്തിനെ നായ കടിച്ചത് മേയ് 31ന് പയ്യാമ്പലത്തെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ്. ഈ നായ മറ്റ് തെരുവുനായകളെയും കടിച്ചതായി പറയപ്പെടുന്നു. ഇതിന് ശേഷം രണ്ടാഴ്ചക്ക് ശേഷമാണ് നഗരത്തിൽ 77 ഓളം പേർക്ക് തെരുവുനായയുടെ കടിയേറ്റത്. ആളുകളെ കടിച്ച നായകൾ മറ്റ് നായകളെയും കടിച്ചിട്ടുണ്ടാകുമെന്നാണ് വെറ്റിനറി വിദഗ്ധർ പറയുന്നത്.കടിയേറ്റ നായകൾക്ക് സ്വാഭാവികനിലയിൽ 15 ദിവസം കഴിഞ്ഞാൽ പേയിളകാനുള്ള സാദ്ധ്യതയാണുള്ളത്. കടിയേറ്റ നായ്ക്കൾ ചികിത്സ ലഭിക്കാതെ തെരുവിൽ തന്നെ തുടരുന്നത് വൻ അപകടം ക്ഷണിച്ചുവരുത്തുമെന്നുറപ്പാണ്. ജില്ലാ ഭരണകൂടവും കോർപറേഷനും പ്രത്യേകം സർവകക്ഷിയോഗങ്ങൾ വിളിച്ചുചേർത്തിരുന്നെങ്കിലും നായകളെ പിടികൂടി വാക്സിനേഷൻ നൽകുന്നതിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇതിനാൽ കടിയേറ്റ നായകൾ അപകടം വിതക്കാനുള്ള സാദ്ധ്യത വളരെ വലുതാണ്.

ഇനിയുമായില്ല തെരുവുനായകൾക്കുള്ള ഷെൽട്ടർ

മൂന്ന് താൽക്കാലിക ഷെൽട്ടർ ഹോമുകൾ സ്ഥാപിച്ച് നഗരത്തിൽ അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടി ഇവിടേക്ക് മാറ്റണമെന്നാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനമെടുത്തത്. മൂന്നുദിവസത്തിനുള്ളിൽ എടുക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും ഇത് പ്രാവർത്തികമായില്ല. കോർപ്പറേഷൻ ചാലാട് മാളികപ്പറമ്പിൽ ആകെ ഒരു ഷെൽട്ടറിനുള്ള സ്ഥലമാണ് കണ്ടെത്തിയത്. ഇവിടെ താൽക്കാലിക ഷെൽട്ടറിന്റെ പണി പുരോഗമിക്കുകയാണ്. ഇരുപത് നായകളെ മാത്രമാണ് ഇവിടെ ഉൾക്കൊള്ളാൻ സാധിക്കുകയെന്ന് മേയർ മുസ്‌ലിഹ് മഠത്തിൽ പറയുന്നു. തെരുവുനായ ശല്യം രൂക്ഷമായ കന്റോൺമെന്റിലാകട്ടെ ഇതുവരെ ഷെൽട്ടറിനുള്ള സ്ഥലം കണ്ടെത്തിയിട്ടുമില്ല.

നേരത്തെ പേവിഷബാധയേറ്റ തെരുവുനായ അലഞ്ഞുതിരിയുന്ന മറ്റ് നായകളെയും കടിച്ചേക്കാം,അങ്ങനെയെങ്കിൽ കടിയേറ്റ നായകൾക്ക് അടുത്ത ദിവസങ്ങളിലായി രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാം.ഇത് കണക്കിലെടുത്ത് ആളുകൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ഡോ.ജയമോഹനൻ, മുൻ ചീഫ് വെറ്റിനറി ഓഫീസർ ,കണ്ണൂർ ജില്ലാ വെറ്റിനറി കേന്ദ്രം