അബിഷൻ ജീവന്ത് നായകനാവുന്നു , നായികയായി അനശ്വര രാജൻ
ടൂറിസ്റ്റ് ഫാമിലി എന്ന തമിഴ് ചിത്രത്തിലൂടെ മലയാളത്തിനും പരിചിതനായി മാറിയ സംവിധായകൻ അബിഷൻ ജീവന്ത് നായകനാവുന്നു. കറക്ടഡ് മച്ചി എന്ന പേരിട്ട ചിത്രത്തിൽ മലയാളിതാരം അനശ്വര രാജൻ ആണ് നായിക.
ടൂറിസ്റ്റ് ഫാമിലിയുടെ അസോസിയേറ്റ് ഡയറക്ടറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിതീകരണം ഉടൻ ആരംഭിക്കും. അഭയാർത്ഥികളുടെ കഥയുമായി എത്തിയ ടൂറിസ്റ്റ് ഫാമിലിയിൽ ശശികുമാർ, സിമ്രാൻ, മലയാളതാരം മിഥുൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ടൂറിസ്റ്റ് ഫാമിലി എന്ന സംവിധാന അരങ്ങേറ്റ ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രത്തെ അബിഷൻ അവതരിപ്പിച്ചിട്ടുണ്ട് ഇതാദ്യമായാണ് നായക വേഷത്തിൽ എത്തുന്നത്. യുട്യൂബിൽ സംവിധാനം പഠിച്ച അബിഷൻ ജീവന്തിന് 25 വയസാണ്. ചെന്നൈ ലൊയോള കോളേജിൽ നിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. അതേസമയം തമിഴിൽ 7 ജി റെയിൻബോ കോളനി 2 ആണ് റിലീസിന് ഒരുങ്ങുന്ന അനശ്വര രാജൻ ചിത്രം. തെലുങ്കിലും തമിഴിലുമായാണ് ചിത്രത്തിന്റെ റിലീസ്. ശെൽവരാഘവൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം റെയിൻബോ കോളനിയുടെ രണ്ടാം ഭാഗമാണ് . രവികൃഷ്ണൻ ആണ് രണ്ടാം ഭാഗത്തിൽ നായകൻ. യുവൻ ശങ്കർ രാജ സംഗീതം ഒരുക്കുന്നു. മലയാളത്തിൽ വ്യസനസമേതം ബന്ധുമിത്രാദികൾ ആണ് അനശ്വര രാജൻ നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. നവാഗതനായ എസ്.വിപിൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം
തിയേറ്ററുകളിൽ 30 ദിവസത്തേക്ക് അടുക്കുന്നു.