മാടായി പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

Thursday 10 July 2025 9:16 PM IST

പഴയങ്ങാടി:വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കായിക്കാരൻ സഹീദിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. ഇന്നലെ പുലർച്ചെ ആറുമണിയോടുകൂടിയാണ് വിജിലൻസ് സംഘം പ്രസിഡന്റിന്റെ മാട്ടൂൽ നോർത്തിലുള്ള വീട്ടിൽ റൈഡ് ആരംഭിച്ചത്. കോഴിക്കോട് സ്പെഷ്യൽ സെല്ല് വിജിലൻസിൽ നിന്നുള്ള ഡി വൈ എസ് പിമാരായ സുരേഷ്, രമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള 33 അംഗ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയത്.

രാവിലെ ആറിന് ആരംഭിച്ച റെയ്ഡ് വൈകീട്ട് 7 വരെ നീണ്ടുനിന്നു. കായിക്കാരൻ സഹീദിന്റെ അടുത്ത സുഹൃത്തിന്റെ മാട്ടൂലിലുള്ള വീട്ടിലും മാടായി പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസിലും ഒരേസമയം റെയ്ഡ് നടന്നു. മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി അംഗവുംപുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂൾ ചെയർമാനും കൂടിയാണ് കായിക്കാരൻ സഹീദ്. 2021ൽ മുസ്ലിം ലീഗ് നേതാവും മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കായിക്കാരൻ സയ്യിദിനെതിരെ കണ്ണൂർ വിജിലൻസിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച് ചിലർ പരാതി നൽകിയിരുന്നു.

തുടർന്ന് കണ്ണൂർ വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടത്തി വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. വിജിലൻസ് ഡയറക്ടറേറ്റ് കോഴിക്കോട് സ്പെഷ്യൽ സെല്ലിനെ അന്വേഷണത്തിനായി നിയോഗിച്ച് നടത്തിയ അന്വേഷണത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി.പിന്നീട് മറ്റൊരു വിജിലൻസ് ടീമിനെ വച്ചും അന്വേഷണം നടത്തി വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇന്നലെ കോഴിക്കോട് സ്പെഷ്യൽ സെല്ല് വിജിലൻസ് റൈഡ് നടത്തിയത്. റൈഡിൽ പ്രധാനപ്പെട്ട രേഖകൾ പിടിച്ചെടുത്തുവെന്നാണ് വിവരം.