ഓണത്തിന് ആലപ്പുഴയിൽ വിരിയും ഓണപ്പൂപ്പാടം

Friday 11 July 2025 1:19 AM IST

ആലപ്പുഴ : വലിയ ഓണപ്പൂപ്പാടം ഒരുക്കാനുള്ള ശ്രമത്തിലാണ് കർഷകനായ മായിത്തറ വടക്കേതൈയിൽ വീട്ടി വി.പി.സുനിൽ (50). ചേർത്തല മായിത്തറയിൽ പാട്ടത്തിനെടുത്ത രണ്ടര ഏക്കറിൽ മഞ്ഞ, ഓറഞ്ച്, വെള്ള നിറത്തിലുള്ള 22000 ചെണ്ടുമല്ലി, 6000 വാടാമല്ലി, 2000 സൂര്യകാന്തി എന്നിങ്ങനെ 30000 തൈകളാണ് നട്ടിരിക്കുന്നത്.

ഭാര്യ റോഷ്നിയും മക്കളായ കൃഷ്ണവ്, ഹൃത്വിക് എന്നിവരും സഹായത്തിനുണ്ട്. സുനിൽ നാലുവർഷം മുമ്പാണ് പൂകൃഷി ആരംഭിച്ചത്. കഴിഞ്ഞവർഷം ഒന്നര ഏക്കർ സ്ഥലത്തായിരുന്നു കൃഷി. 2000 കിലോ പൂക്കൾ വിറ്റു. ഇത്തവണ 5000 കിലോ പൂക്കൾ വിൽക്കണമെന്നാണ് ആഗ്രഹം.

സൂര്യകാന്തി പ്രദർശനത്തിനാണ് വളർത്തുന്നത്. ഈ മാസം ആദ്യം തൈകളുടെ നടീലുദ്ഘാടനം പ്രിൻസിപ്പൽ കൃഷി ഓഫീസർ സി. അമ്പിളി നിർവഹിച്ചു. 45 ദിവസം കൊണ്ട് ചെടികൾ പുഷ്പിച്ചുതുടങ്ങും. അത്തം മുതൽ വില്പന ആരംഭിക്കും.

പ്രദർശന വിപണനമേള

ഓണത്തിന് സുനിലിന്റെ കൃഷിയിടത്തിൽ ഇത്തവണ വിപുലമായ പ്രദർശന വിപണന മേളയുണ്ടാകും. സെൽഫി പോയിന്റ്, കുട്ടികൾക്കായി മിനി പാ‌ർക്ക്, തോട്ടത്തിൽ കുതിര സവാരി, പൂക്കളാൽ അലങ്കരിച്ച ഊഞ്ഞാൽ, നാടൻ ഭക്ഷണ വിപണന മേള, ജൈവ പച്ചക്കറി ചന്ത എന്നിവയാണ് ഒരുക്കുക. ഓണത്തിന് മുന്നോടിയായി പടവലം, വെണ്ട, പയർ എന്നിങ്ങനെ പത്തിനം പച്ചക്കറികൾ കൃഷി ചെയ്തിട്ടുണ്ട്.