അണികളുടെ വിമർശനം ഏറ്റു; കോൺഗ്രസ് സമരസംഗമത്തിൽ കെ.സുധാകരന്റെ പടം
കണ്ണൂർ :ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന സമരസംഗമത്തിന്റെ പോസ്റ്ററിനെ ചൊല്ലിയുണ്ടായ വിവാദത്തിന് പരിഹാരമായി. മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരന്റെ ചിത്രം ഉൾപ്പെടുത്താത്തതിനെത്തുടർന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ഫേസ്ബുക്കിൽ അടക്കം കടുത്ത വിമർശനം അഴിച്ചുവിട്ടതിന് പിന്നാലെയാണ് പുതിയ പോസ്റ്റർ ഇറക്കി പ്രശ്നം പരിഹരിച്ചത്.
സുധാകരന്റെ വലിയ ചിത്രം ഉൾപ്പെടുത്തിയാണ് പുതിയ പോസ്റ്റർ ഇറക്കിയത്. ഈ മാസം പതിനാലിനാണ് പരിപാടി.ജനദ്രോഹ സർക്കാരുകൾക്കെതിരെ സമര സംഗമം എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിക്കായി കണ്ണൂരിൽ ഇറക്കിയ പോസ്റ്ററിൽ കെ.പി.സി സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, പി.സി.വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരുടെ ചിത്രങ്ങളാണുണ്ടായിരുന്നത്. കണ്ണൂർ ജില്ലയിൽ നടക്കുന്ന പരിപാടിയായിട്ടും സ്ഥലം എം.പിയായ സുധാകരനെ ഒഴിവാക്കിയതിനെതിരെ അനുയായികൾ രംഗത്തെത്തുകയായിരുന്നു. കണ്ണൂരിലെ കോൺഗ്രസുകാരുടെ ഹൃദയത്തിൽ നിന്ന് ആ മുഖവും പേരും പറിച്ചെറിയാൻ കരുത്തുള്ള ആരും ജനിച്ചിട്ടില്ല എന്ന് കോൺഗ്രസ് പ്രവർത്തകൻ ജയന്ത് ദിനേശ് കുറിപ്പിട്ടതോടെയാണ് സംഭവം വിവാദമായത്.