ലിഫ്റ്റിനുള്ളിൽ കുടുങ്ങി സ്വർണ വ്യാപാരിയുടെ മരണം:പരിശോധന പൂർത്തിയായി

Friday 11 July 2025 11:21 PM IST

കട്ടപ്പന: പവിത്ര ഗോൾഡ് മാനേജിങ് പാർട്നർ സണ്ണി ഫ്രാൻസിസി (പവിത്ര സണ്ണി- 64) ന്റെ മരണത്തിനിടയാക്കിയ ലിഫ്റ്റ് അഴിച്ചുള്ള പരിശോധന പൂർത്തിയായി. കൊച്ചിയിൽ നിന്നും ലിഫ്റ്റ് ഘടിപ്പിച്ച കമ്പനിയുടെ അധികൃതർ, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് അധികൃതർ, കട്ടപ്പന പൊലീസ് എന്നിവരുടെ സാനിധ്യത്തിലാണ് പരിശോധന നടന്നത്. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി മുഴുവൻ ഭാഗങ്ങളും അഴിച്ചുമാറ്റി പരിശോധനക്ക് വിധേയമാക്കി. കഴിഞ്ഞ മെയ് 28ന് ഉച്ചയ്ക്ക് പുളിയൻമല റോഡിലെ സ്ഥാപനത്തിലായിരുന്നു അപകടം. സ്ഥാപനത്തിന്റെ മുകൾ നിലയിൽ നിന്നും താഴേക്ക് പോയപ്പോൾ വൈദ്യുതി തടസത്തെ തുടർന്ന് ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ച് സണ്ണി ഉള്ളിൽ കുടുങ്ങുകയായിരുന്നു.

ലിഫ്റ്റ് നിലത്തിറക്കുന്നതിനായി സ്ഥാപനത്തിലെ ജീവനക്കാർ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. സ്ഥാപനത്തിലെ ജീവനക്കാർ ലിഫ്റ്റ് ടെക്നീഷ്യനെ വീഡിയോ കോളിൽ ബന്ധപ്പെട്ട ശേഷം അദ്ദേഹത്തിന്റെ നിർദേശ പ്രകാരം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് അതിവേഗത്തിൽ മുകൾ നിലയിൽ പോയി ഇടിച്ച് നിന്നത്. നാലാം നിലയിലേക്ക് പോയ ലിഫ്റ്റ് മേൽക്കൂരയിലിടിച്ച് താഴേക്ക് വരികയായിരുന്നു. അകത്ത് കുടുങ്ങിപ്പോയ സണ്ണിയുടെ തലക്കും നട്ടെല്ലിനും മാരകമായി പരിക്കേറ്റിരുന്നു. വൈദ്യുതി മുടങ്ങിയ സമയത്ത് ഒന്നാം നിലക്കും തറ നിരപ്പിനും ഇടയിലാണ് ലിഫ്റ്റ് നിന്നത്. തുടർന്ന് പരിശോധനകൾ പൂർത്തിയായെങ്കിലും സാങ്കേതിക തകരാർ ഉണ്ടോയെന്നതിൽ കൂടുതൽ പഠനങ്ങൾ നടത്തിയ ശേഷമേ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വിശദമായ റിപ്പോർട്ട് പുറത്തുവിടുകയുള്ളു.