കർഷകർ സൂക്ഷിച്ചോ... വിത്തിലും തട്ടിപ്പ്
കിളിമാനൂർ: മഴക്കാലമായതോടെ ഗുണനിലവാരമില്ലാത്ത നടീൽ വസ്തുക്കൾ വില്പന നടത്തി തട്ടിപ്പ് നടത്തുന്ന സംഘവും സജീവമാകുന്നു.രണ്ട് വർഷത്തിനുള്ളിൽ കായ്ക്കുന്ന തെങ്ങ്,പ്ലാവ്,മാവ്,ക്വിന്റൽ വാഴ തുടങ്ങിയ പരസ്യത്തോടെ വൻ തുക ഈടാക്കിയുള്ള കബളിപ്പിക്കലാണ് നടക്കുന്നത്.
കുള്ളൻ തെങ്ങ് ബഡ് ചെയ്ത പ്ലാവ്,മാവ് തുടങ്ങിയവയ്ക്ക് 400 മുതൽ 800 രൂപ വരെ വാങ്ങുന്നു. ഗുണ നിലവാരക്കുറവ് കാരണം മിക്കതും മുരടിച്ചു നശിക്കുകയാണ്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പരസ്യം ചെയ്തു തട്ടിപ്പുനടത്തുന്നവരുമുണ്ട്. പലർക്കും പണം നഷ്ടമാകുന്നതായും പരാതിയുണ്ട്.
വാഴവിത്തിലും തട്ടിപ്പ്:
എട്ടുമാസത്തിനുള്ളിൽ നൂറ് കായെങ്കിലുമുള്ള ഏത്തക്കുല ലഭിക്കുമെന്ന് പരസ്യപ്പെടുത്തി 50 രൂപ വരെ ഈടാക്കി തമിഴ് നാട്ടിൽ നിന്നും ഏജന്റുമാർ വഴി വിത്ത് കേരളത്തിലെത്തുന്നുണ്ട്. സ്വർണ മുഖി,മാരിക്കുള്ളൻ, ക്വിന്റൽ വാഴ (100 കിലോ തൂക്കം വരുന്ന കുല) തുടങ്ങിയ പരസ്യങ്ങളിലൂടെ കർഷകരെ ആകർഷിക്കും.വളർന്നു കഴിയുമ്പോഴാണ് പറ്റിക്കപ്പെട്ടു എന്ന് മനസിലാകുക. രണ്ടോ മൂന്നോ പേട്ടു കുലയായിരിക്കും.ലഭിക്കുക. 500 വിത്തുവരെ വാങ്ങിയ കർഷകരുണ്ട്. തമിഴ്നാട്ടിലെ വാഴത്തോട്ടങ്ങളിൽ നിന്നു തള്ളുന്ന രണ്ടാം തരം വിത്തുകളാണ് ഇവ.