കൊല്ലമ്പുഴയിലും തോട്ടവാരത്തും അണ്ടർപാസേജുകളുടെ നിർമ്മാണം ഇഴയുന്നു

Friday 11 July 2025 1:51 AM IST

ആറ്റിങ്ങൽ: ആറ്റിങ്ങൽ ബൈപ്പാസിൽ കൊല്ലമ്പുഴയിലെയും തോട്ടവാരത്തേയും അണ്ടർപാസേജുകളുടെ നിർമ്മാണം ഇഴയുന്നതായി പരാതി. മാമം മുതൽ മണമ്പൂർവരെ12 കിലോമീറ്റർ ദൂരമുള്ള ബൈപ്പാസ് നിർമ്മാണം 2026 മാർച്ചിൽ പൂർത്തിയാക്കുമെന്നാണ് നിർമ്മാണ കമ്പനി ഉറപ്പുനൽകിയത്. എന്നാൽ നിലവിൽ കോൺക്രീറ്റ് ബയിസ്‌മെന്റ് നിർമ്മിച്ച് അതിൽ ഉയരത്തിൽ കമ്പിപാകിയ നിലയിലാണ്. ഇവിടെ ഗതാഗതപ്രശ്നവും രൂക്ഷമാണ്. ഈ അണ്ടർപാസേജുകളുടെ നിർമ്മാണം പൂർത്തിയായാൽ മാത്രമേ ബൈപ്പാസിന്റെ നിർമ്മാണം ആരംഭിക്കൂ.

കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ദേവീക്ഷേത്രത്തിനു പിന്നിലെ ബൈപ്പാസിൽ സർവീസ്റോഡ് ഒഴിവാക്കിയാണ് നിർമ്മാണം നടക്കുന്നത്. ക്ഷേത്ര അനുബന്ധ കെട്ടിടങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണിവിടെ ഒരു വശത്ത് സർവീസ് റോഡ് ഒഴിവാക്കിയത്. പകരം ആലംകോട് ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് റോഡ്‌വഴി പോകേണ്ട വാഹനങ്ങൾ അണ്ടർപാസേജ് കടന്ന് വലതുവശത്തെ തിരുവനന്തപുരത്ത് നിന്നുള്ള സർവീസ് റോഡിലേക്ക് കടക്കണം. ഇവിടെ രണ്ടുവ‌രി പാതയായാണ് സർവീസ് റോഡ് കടന്നുപോകുന്നത്. വീണ്ടും 500 മീറ്റർ കഴിയുമ്പോൾ അടുത്ത അണ്ടർപാസേജുവഴി ഇടതുവശത്തെ സർവീസ് റോഡിലേക്ക് കയറുന്ന തരത്തിലാണ് നിർമ്മാണം.

 ചരിത്രം സൂക്ഷിക്കാൻ

തിരുവിതാംകൂർ രാജ കുടുംബത്തിന്റെ പരദേവതാ ക്ഷേത്രമായ കൊല്ലമ്പുഴ തിരുവാറാട്ട് കാവിന്റെ പിൻവശത്ത് സ്ഥിതിചെയ്യുന്ന പാട്ടുപുരയ്ക്ക് നാശം സംഭവിക്കുന്ന തരത്തിലായിരുന്നു ആദ്യം ബൈപ്പാസിന്റെ രൂപകല്പന.

ഇതോടെ നാട്ടുകാരും ചരിത്രകാരന്മാരും ഹൈക്കോടതിയെ സമീപിച്ച് പാട്ടുപുര സംരക്ഷണത്തിനായി ഉത്തരവ് നേടി. തുടർന്നാണ് ഒരുവശത്തെ സർവീസ് റോഡ് ഒഴിവാക്കിയത്.

 ആശങ്കകൾ ബാക്കി

അതേസമയം, രണ്ട് അണ്ടർ പാസേജുകളും നദിക്കരയായതിനാൽ ദേശീയപാതയ്ക്ക് ബലക്ഷയം ഉണ്ടാക്കുമോ എന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. കൂടാതെ ബൈപ്പാസിന്റെ പാർശ്വഭിത്തി കെട്ടുമ്പോൾ കൊല്ലമ്പുഴ തിരുവാറാട്ടുകാവിന്റെ ആനയെഴുന്നള്ളിപ്പ് അടക്കമുള്ള ക്ഷേത്രചടങ്ങുകൾ നിലയ്ക്കുമെന്നും നാട്ടുകാർ ആരോപിച്ചു. ഇതൊഴിവാക്കാൻ ഈ മേഖലയിൽ ഫ്ലൈ ഓവർ തന്നെ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇതു ചൂണ്ടിക്കാട്ടി നാട്ടുകാർ ദേശീയപാത അതോറിട്ടിക്ക് കത്തു നൽകിയിരുന്നു.

 തോട്ടവാരത്ത് അണ്ടർപാസോജ് നിർമ്മാണം ആശാസ്ത്രീയമെന്നും ആക്ഷേപമുണ്ട്. ഇവിടെ പാസേജിന്റെ പണി പകുതി പൂർത്തിയാക്കിക്കഴിഞ്ഞെങ്കിലും നിലവിൽ നിർമ്മാണജോലികൾ ഇഴയുകയാണ്.