യാഥാർത്ഥ്യമാകുമോ മൊബിലിറ്റി ഹബ്ബ്

Friday 11 July 2025 2:19 AM IST

ആലപ്പുഴ: ടെക്നിക്കൽ കമ്മിറ്റി രൂപീകരണം പോലും സാധിക്കുന്നില്ലെന്ന ഗതാഗത മന്ത്രിയുടെ തുറന്നുപറച്ചിലോടെ ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്റെ പ്രതീക്ഷയ്ക്ക് മേൽ കരിനിഴൽ വീഴുന്നു. ടെക്നിക്കൽ കമ്മിറ്റി രൂപീകരിക്കാൻ വിരമിച്ച ചീഫ് എൻജിനീയർമാർ തയാറാകുന്നില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. പദ്ധതിയുടെ അന്തിമ അംഗീകാരത്തിനായി ടെക്നിക്കൽ കമ്മിറ്റി കൂടിയേ തീരു.

ടെക്നിക്കൽ കമ്മിറ്റിയിൽ നിലവിൽ ഒരംഗമുണ്ടെന്നും, വിരമിച്ചതോ നിലവിൽ ചീഫ് എൻജിനീയർ തസ്തികയിലുള്ളതോ ആയ രണ്ട് ഉദ്യോഗസ്ഥർ കൂടി ആവശ്യമാണെന്നും പദ്ധതി നിർവഹണ ഏജൻസിയായ ഇൻകെൽ അധികൃതർ പറഞ്ഞു. നിലവിലെ ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും ദേശീയപാതയ്ക്ക് സമീപം വളവനാട് ഗാരേജും ഉൾപ്പെടുന്നതാണു പദ്ധതി. ഹബ്ബ് യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിൽ കെ.എസ്.ആർ.ടി.സി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിന്റെ ശോചനീയാവസ്ഥനമൂലം ഓഫീസ് പ്രവർത്തനം ഇവിടെ നിന്ന് നേരത്തേ മാറ്റിയിരുന്നു. മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് ഇളകി നിലം പതിക്കുന്നത് പതിവ് സംഭവമാണ്. കമ്പികൾ തെളിഞ്ഞുനിൽക്കുന്നു. തൂണുകളുടെ ഭാഗങ്ങൾ അടർന്നു തുടങ്ങി. ഇടക്കാലത്ത് ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കെട്ടിടത്തിന്റെ ഏതാനും ഭാഗങ്ങൾ ചായം പൂശിയതല്ലാതെ മൊബിലിറ്റി ഹബ്ബ് പ്രഖ്യാപിച്ച 2016ന് ശേഷം യാതൊരു അറ്റകുറ്റപ്പണികളും നടന്നിട്ടില്ല. ഹബ്ബിന്റെ നിർമ്മാണം ആരംഭിക്കുമ്പോൾ വാഹനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടി ഹൗസിങ്ങ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള വളവനാട്ടെ സ്ഥലത്ത് ഗാരേജ് നിർമ്മാണത്തിനായി ഏഴ് കോടി രൂപ മുടക്കിക്കഴിഞ്ഞു. താത്‌കാലികകെട്ടിട നിർമ്മാണവും അഗ്നിശമനസംവിധാനങ്ങൾ ഘടിപ്പിക്കലുമാണ് ശേഷിക്കുന്നത്. പദ്ധതി അനന്തമായി നീളുന്നതിനാൽ വാടക കുടിശ്ശിക തീർപ്പാക്കുകയോ, സ്ഥലം ഏറ്റെടുക്കുകയോ വേണമെന്നാണ് ഹൗസിങ്ങ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇടിഞ്ഞുവീഴാറായ നിലയിൽ ബസ് സ്റ്റാൻഡ്

 ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്റെ പദ്ധതി പ്രഖ്യാപിച്ചത് 2016ൽ

 ആലപ്പുഴ ബസ് സ്റ്റാൻഡും ജലഗതാഗതസംവിധാനങ്ങളും റെയിൽവേസ്റ്റേഷനുമായി പരസ്പരം ബന്ധിപ്പിക്കും

 സ്വകാര്യ ബസ് സ്റ്റാൻഡ് മുതൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വരെ മേൽപ്പാലം

 റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിക്കാൻ കനാലുകളോട് ചേർന്ന് മോണോ റെയിൽ

 ചുങ്കം മുതൽ ശവക്കോട്ടപ്പാലം വരെ രണ്ടര കിലോമീറ്റർ മേൽപ്പാലം

കെ.എസ്.ആർ.ടി.സി കെട്ടിടത്തിൽ

 മൾട്ടിപ്ലക്സ് കോംപ്ലക്സ്

പെട്രോൾ, ഡീസൽ പമ്പ്

താമസ സൗകര്യമുള്ള ഹോട്ടൽ

സൂപ്പർമാർക്കറ്റ്

മൾട്ടിലെവൽ കാർ പാർക്കിംഗ്

മൊബിലിറ്റി ഹബ്ബ് പദ്ധതി തുക

493.06 കോടി

കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിയായതിനാൽ ടെക്നിക്കൽ കമ്മിറ്റിയുടെ ഭാഗമാകാൻ വിരമിച്ച എൻജിനീയർമാർ തയ്യാറാകുന്നില്ല. അടുത്തിടെ പൊതുമരാമത്ത് വകുപ്പിൽ നിന്നു വിരമിച്ച ചീഫ് എൻജിനീയറെയടക്കം ബന്ധപ്പെട്ടെങ്കിലും അദ്ദേഹവും ഒഴിഞ്ഞു മാറി. ഹൗസിങ്ങ് ബോർ‌ഡിനുള്ള വാടക കുടിശ്ശിക നൽകാൻ ധനമന്ത്രിയെ കൂടി ഉൾപ്പെടുത്തി സാമ്പത്തിക സഹായം ഉറപ്പുവരുത്താനാണ് ശ്രമം

-മന്ത്രി കെ.ബി.ഗണേശ് കുമാർ