മെഡി.കോളേജ് ആശുപത്രിയിലെ എ.ടി.എം കൗണ്ടറുകൾ നിശ്ചലം

Friday 11 July 2025 1:36 AM IST

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ട് എ.ടി.എം കൗണ്ടറുളും നിശ്ചലമായതോടെ രോഗികളും കൂട്ടിരിപ്പുകാരും ഏറെ ബുദ്ധിമുട്ടുന്നു. അടച്ചിട്ടിരിക്കുന്ന വിശ്രമമുറികളുടെ സമീപം പ്രവർത്തിച്ചിരുന്ന ഐ.ഡി.ബി.ഐ ബാങ്കിന്റെ എ.ടി.എം കൗണ്ടർ പ്രവർത്തനരഹിതമായിട്ട് വർഷങ്ങൾ പിന്നിട്ടു. ജെ ബ്ലോക്ക് കവാടത്തിലുള്ളള എസ്.ബി .ഐ യുടെ എ.ടി.എം കൗണ്ടർ നിശ്ചലമായിട്ട് ഒരു വർഷം കഴിഞ്ഞു.

എം.ആർ.ഐ , സി.ടി സ്കാൻ, എക്സ് റേ, വിവിധ രക്തപരിശോധനകൾ എന്നിവ നടത്താൻ പണം നൽകാനായി എ.ടി.എം കൗണ്ടറുകൾ തേടി ബന്ധുക്കളും, കൂട്ടിരിപ്പുകാരും നെട്ടോട്ടമോടുന്നത് ആശുപത്രിയിൽ പതിവ് കാഴ്ചയാണ്. കോമ്പൗണ്ടിന് പുറത്തിറങ്ങി ദേശീയപാത മറികടന്ന് വേണം പുറത്തുള്ള എ.ടി.എം കൗണ്ടറിൽ എത്താൻ.

സ്ത്രീകൾക്കും പ്രായമായവർക്കും ഇത് ഏറെ ബുദ്ധിമുട്ടാണ്. ആരോഗ്യ ഇൻഷ്വറൻസ് ഉണ്ടെങ്കിലും രോഗിയെ വാർഡിൽ പ്രവേശിപ്പിച്ച് കഴിഞ്ഞു മാത്രമെ ഇൻഷുറൻസ് പ്രാബല്യത്തിൽ വരുകയുള്ളു. അതു വരെയുള്ള എല്ലാ പരിശോധനകൾക്കും ആദ്യം പണം നൽകണം. ആശുപത്രി ഫാർമസിയിൽ പല മരുന്നുകളും ലഭ്യമല്ലാത്തതിനാൽ പുറത്തു നിന്നും മരുന്നുകൾ വാങ്ങുവാനും പണം ആവശ്യമായി വരും. എത്രയും പെട്ടെന്ന് എ.ടി.എം കൗണ്ടറുകൾ പ്രവർത്തനസജ്ജമാക്കാൻ അധികൃതർ മുൻകൈയ്യെടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്

ആശുപത്രി അധികൃതർ മുൻകൈയ്യെടുത്ത് ബാങ്കുകാരുമായി ചർച്ച നടത്തി അടഞ്ഞുകിടക്കുന്ന എ.ടി.എം കൗണ്ടറുകൾ തുറക്കാനുള്ള ശ്രമം നടത്തണം

- വി.ഉത്തമൻ അമ്പലപ്പുഴ എസ്.എൻ.ഡി.പി യോഗം കോമന 3715ാം നമ്പർ ശാഖ സെക്രട്ടറി