ആലപ്പുഴ ജനറൽ ആശുപത്രി : നവീകരണത്തിന് തുടക്കം
ആലപ്പുഴ: അപകടഭീഷണി നേരിടുന്ന ജനറൽ ആശുപത്രിയുടെ പഴയ കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾക്ക് തുടക്കമായി. പുരുഷന്മാരുടെ മെഡിസിൻ വാർഡ്, പഴയ ഓഫീസ്, സൂപ്രണ്ട് ഓഫീസ് എന്നിവ പ്രവർത്തിച്ചിരുന്ന സ്ഥലങ്ങളിലേക്ക് സർജറി വാർഡുകൾ മാറ്റി പ്രവർത്തിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ജോലികളാണ് ആരംഭിച്ചത്. ഭിത്തികളിലെ വിള്ളലുകൾ പരിഹരിക്കുകയും, ടോയ്ലറ്റ് പ്രവർത്തനക്ഷമമാക്കുകയും ചെയ്യും. റാമ്പ് ബലപ്പെടുത്തുന്ന ജോലികൾ അടുത്ത ആഴ്ച ആരംഭിക്കും. അടിത്തറ കെട്ടി ബലപ്പെടുത്താനാണ് തീരുമാനം. റാമ്പുകളുടെ മേൽക്കൂരയ്ക്ക് ബലക്ഷയമില്ലെന്നാണ് നിഗമനം. ഇതോടൊപ്പം പുതിയ ഒ.പി കെട്ടിടത്തിലേക്ക് മേജർ ഓപ്പറേഷൻ തിയേറ്റർ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിക്കും. ശസ്ത്രക്രിയാമുറി വേർതിരിക്കുന്ന ജോലികളാണ് ആദ്യം ചെയ്യുക. പത്താം വാർഡിന്റെ പാസേജ്, പൈപ്പ് പൊട്ടി ചോർച്ചയുണ്ടായ വിവിധ ടോയ്ലറ്റുകളുടെ അറ്റകുറ്റപ്പണി, പഴയ കെട്ടിടത്തിൽ നിന്ന് പുതിയതിലേക്ക് ആംബുലൻസിന് പോകുന്നതിനുള്ള വഴിയുടെ കോൺക്രീറ്റിംഗ്, ഇന്റർലോക്ക്, പുതിയ കെട്ടിടത്തിൽ ഒന്നാം നിലയിൽ മുറികളുടെ വേർതിരിക്കൽ, റാമ്പിന് താഴെ സ്റ്റോറേജ് സംവിധാനമടക്കമുള്ള ജോലികൾ ചെയ്യും. കോമൺ ടോയ്ലറ്റിന്റെ ഭാഗം ചേർത്ത് പുതിയ കെട്ടിടത്തിൽ രോഗികൾക്ക് കാത്തിരിപ്പ് ലോബിയായി ഉപയോഗിച്ചിരുന്ന ഭാഗത്താണ് പുരുഷന്മാരുടെ മെഡിസിൻ വാർഡ് സജ്ജീകരിക്കാൻ ഉദ്യേശിക്കുന്നത്.
ടെണ്ടർ തുക :
60 ലക്ഷം
മോർച്ചറി ആകെ ശോകം
1.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയായി പ്രവർത്തിച്ചിരുന്ന കാലത്ത് പോസ്റ്റ്മോർട്ടം നടന്നിരുന്ന കെട്ടിടവും തകർച്ചയുടെ വക്കിലാണ്.മേൽക്കൂരയിൽ കമ്പി തെളിഞ്ഞതിനാൽ ഒരു മുറി പൂട്ടിയിട്ടിരിക്കുകയാണ്.നാല് മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള ഫ്രീസർ റൂമും സെക്യുരിറ്റി മുറിയും മാത്രമാണ് പ്രവർത്തിക്കുന്നത്
2. പഴക്കം കാരണം ഭൂമിയിലേക്ക് കൂടുതൽ ഇരുത്തം വന്ന കെട്ടിടത്തിലേക്ക് മഴവെള്ളം കയറുന്ന സ്ഥിതിയാണ്.ഇവിടെ പോസ്റ്റ് മോർട്ടം പുനരാരംഭിക്കാൻ മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. ഇതിനായി ഫോറൻസിക് സർജൻ തസ്തിക ഉൾപ്പടെയുള്ളവ പുനഃസ്ഥാപിക്കേണ്ടതുണ്ട്
3. ബലക്ഷയംകാരണം പ്രവർത്തന യോഗ്യമല്ലെന്ന് എൻനിയർമാർ റിപ്പോർട്ടുചെയ്ത ഭാഗങ്ങളിലേക്ക് രോഗികളെയോ, കൂട്ടിരിപ്പുകാരെയോ, ജീവനക്കാരെയോ കടത്തി വിടില്ല.പ്ലാസ്റ്ററിംഗ് നടത്തി വിള്ളലുകൾ പരിഹരിക്കാൻ സാധിക്കാത്ത ഭാഗങ്ങളാണിത്.
റാമ്പ് ബലപ്പെടുത്തുന്നതും, പുതിയ ബ്ലോക്കിലെ പാർട്ടിഷൻ ജോലികളും തിങ്കളാഴ്ച്ച ആരംഭിക്കും. ഓപ്പറേഷൻ തിയറ്റർ ക്രമീകരിക്കുന്ന ജോലികൾ കാലതാമസം കൂടാതെ പൂർത്തിയാക്കേണ്ടതുണ്ട്
-അലിസ്റ്റർ ജോസഫ് വാൻ റോക്ക്, അസിസ്റ്റന്റ് എൻജിനിയർ, ആലപ്പുഴ നഗരസഭ