മാനവികതയായിരുന്നു അദ്ദേഹത്തിന്റെ മതം: ബിനോയ് വിശ്വം

Friday 11 July 2025 12:00 AM IST

തൃശൂർ: വിശ്വമാനവികതയെ മതമാക്കി മാറ്റിയ ആത്മീയാചാര്യനായിരുന്നു അഭിവന്ദ്യ മാർ അപ്രേം മെത്രാപ്പൊലീത്തയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കൽദായ സുറിയാനി സഭ വലിയ മെത്രാപ്പൊലീത്ത മാർ അപ്രേമിന്റെ ഭൗതികദേഹം സൂക്ഷിച്ചിട്ടുള്ള മാർത്ത് മറിയം വലിയ പള്ളിയിൽ ആദരാഞ്ജലി അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി ഇന്ത്യൻവിദേശ ഭാഷകളിൽ പ്രാവീണ്യവും അഗാധമായ ജ്ഞാനവും ഉണ്ടായിരുന്ന മാർ അപ്രേം തികഞ്ഞ ലാളിത്യവും ആഴമേറിയ മനുഷ്യസ്‌നേഹവുംകൊണ്ട് ഏവരുടെയും ഹൃദയം കവർന്ന മഹാഇടയനാണ്. നിസ്വവർഗ്ഗത്തിന്റെ വിമോചനം സ്വപ്‌നംകണ്ട തിരുമേനി ക്രിസ്തുവിന്റെ ദർശനങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടുകൊണ്ടാണ് തന്റെ കർമ്മപഥങ്ങളിലൂടെ മുന്നേറിയത്. സി.പി.ഐ നേതാക്കളായ കെ.പി.രാജേന്ദ്രൻ, കെ.കെ.വത്സരാജ്, പി.ബാലചന്ദ്രൻ എം.എൽ.എ, ടി.പ്രദീപ് കുമാർ എന്നിവരും ഉണ്ടായിരുന്നു.