പരിമിതികൾ നിറഞ്ഞ് നഗരൂർ പൊലീസ് സ്റ്റേഷൻ

Friday 11 July 2025 1:37 AM IST

കിളിമാനൂർ: തിരക്കേറിയ റോഡരികിൽ പരിമിതമായ സൗകര്യത്തിൽ പ്രവർത്തിക്കുന്ന നഗരൂർ പൊലീസ്‌സ്റ്റേഷനിലെ ജീവനക്കാർക്ക് ആവശ്യം സ്വന്തമായൊരു കെട്ടിടം വേണമെന്നാണ്. 2018 ലാണ് പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. അന്നുമുതൽ കെട്ടിടമെന്നത് വാഗ്ദാനത്തിൽ ഒതുങ്ങുകയാണ്. രണ്ടു വർഷത്തിനുള്ളിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിച്ചു നൽകുമെന്ന് ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആറ് വർഷം കഴിഞ്ഞിട്ടും കടലാസ് നടപടികൾ പോലും ഇഴഞ്ഞുനീങ്ങുകയാണ്.

 അന്ന് കൃഷിഭവൻ...

കൃഷി ഭവനായി പ്രവർത്തിച്ചിരുന്ന പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ചെറിയ കെട്ടിടമാണ് ഇപ്പോൾ പൊലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നത്. കൃഷിഭവന് മറ്റൊരു വാടക കെട്ടിടം ഏർപ്പാടക്കിയ ശേഷമാണ് പൊലീസ് സ്റ്റേഷനായി വിട്ടുനൽകിയത്. ഒരു വർഷം സൗജന്യമായും, തുടർന്ന് വാടക ഇടാക്കുമെന്ന വ്യവസ്ഥയിലുമാണ് പഞ്ചായത്തിന്റെ കെട്ടിടം വിട്ടുനൽകിയത്. എന്നാൽ നാളിതുവരെ ആഭ്യന്തര വകുപ്പിൽ നിന്ന് പഞ്ചായത്തിന് വാടക ലഭിച്ചിട്ടില്ല. വാടക ഈടാക്കുന്നതിന് ആഭ്യന്തര വകുപ്പിന് കത്തു നൽകാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തെങ്കിലും പിന്നീട് ഒരു നടപടിയുമുണ്ടായില്ല.

സ്റ്റേഷൻ പരിധിയിൽ

നഗരൂർ പഞ്ചായത്തിലെ 14 വാർഡുകളും, പുളിമാത്ത്, കരവാരം പഞ്ചായത്തുകളിലെ ഏഴ് വീതം വാർഡുകളും

പ്ലാൻ റെഡി

മുപ്പതോളം പൊലീസുകാരാണ് ഇവിടെ ജോലി ചെയ്യുന്നത് റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിൽ നഗരൂർ സ്മാർട്ട് വില്ലേജ് ഓഫീസിനു സമീപത്തെ ഒരേക്കർ ഭൂമിയിൽ നിന്ന് 21 സെന്റ് സ്ഥലം റവന്യൂ വകുപ്പ് പൊലീസ് സ്റ്റേഷന് കൈമാറിയിട്ടുണ്ട്. ഇവിടെ കെട്ടിടം നിർമിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ പ്ലാൻ അംഗീകാരത്തിനായി പൊലീസ് സൂപ്രണ്ട് ഓഫീസ് വഴി പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് അയച്ചതായി അധികൃതർ പറയുന്നു.