ബീഹാർ വോട്ടർ പട്ടിക ആധാർ സ്വീകരിക്കണം: സുപ്രീംകോടതി
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബറിലോ നവംബറിലോ നടന്നേക്കുമെന്ന സൂചനകൾക്കിടെ വോട്ടർ പട്ടിക പുതുക്കലിൽ നിർണായക ഇടപെടലുമായി സുപ്രീംകോടതി. വ്യക്തികൾക്ക് വോട്ടർ പട്ടികയിൽ ഇടം നൽകാൻ അവരുടെ ആധാർ,വോട്ടർ ഐ.ഡി,റേഷൻ കാർഡ് എന്നിവ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കണമെന്ന് നിലപാടെടുത്തു. വോട്ടറാകാൻ സ്വീകരിക്കുന്ന 11 രേഖകളിൽ ഇവയും വേണം. നീതിയുടെ താത്പര്യം കണക്കിലെടുത്താണിത്. മൂന്നു രേഖകളും ഒഴിവാക്കിയ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ അതെന്തുകൊണ്ടെന്ന് കമ്മിഷൻ വിശദീകരിക്കണം. കമ്മിഷന് നോട്ടീസ് അയക്കാൻ ഉത്തരവിട്ട കോടതി, ഒരാഴ്ചയ്‌ക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചു. 28ന് വീണ്ടും പരിഗണിക്കും. വോട്ടർ പട്ടിക പുതുക്കൽ നടപടികൾക്ക് സ്റ്റേ വേണമെന്ന് 'ഇന്ത്യ' സഖ്യത്തിലെ പാർട്ടികളും ആക്‌ടിവിസ്റ്റുകളും അടക്കം ഹർജിക്കാർ ആവശ്യപ്പെടാത്ത സാഹചര്യത്തിൽ കമ്മിഷന് മുന്നോട്ടുപോകാം.
തിരഞ്ഞെടുത്ത
സമയത്തിൽ സംശയങ്ങൾ
തിരഞ്ഞെടുപ്പ് അടുത്തെത്താറായി. പുതുക്കൽ നടപടികളല്ല,അതിനായി തീരുമാനിച്ച സമയമാണ് പ്രശ്‌നമെന്ന് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ,ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. എട്ടുകോടിയിൽപ്പരം പേരുടെ വോട്ടുമായി ബന്ധപ്പെട്ട കാര്യമാണ്. ഇവരെയെല്ലാം പട്ടികയിൽ ചേർത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുമോയെന്ന് കോടതി സംശയമുന്നയിച്ചു.
പട്ടികയിൽ നിന്ന് പുറത്താകുന്നവർക്ക് അതിനെ ചോദ്യംചെയ്യാനുള്ള അവസരവും നഷ്‌ടമാകും.
കമ്മിഷനോട് ചോദ്യങ്ങൾ
1.ആധാർ കാർഡ് എന്തുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കുന്നില്ല?
2.പൗരത്വം തിരഞ്ഞെടുപ്പ് കമ്മിഷനല്ല, ആഭ്യന്തര മന്ത്രാലയമാണ് തീരുമാനിക്കേണ്ടത്
3.വോട്ടറെ തിരിച്ചറിയുകയെന്നതാണ് പ്രാഥമിക കാര്യം.
4.പൗരന്മാർ അല്ലാത്തവർ വോട്ടർപട്ടികയിൽ വേണ്ടെന്ന് നിലപാടെടുക്കുന്നതിൽ തെറ്റില്ല
5.എന്തുകൊണ്ടാണ് പുതുക്കൽ നടപടികൾ നേരത്തെ ആരംഭിക്കാത്തത്?
6.തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപാണോ നടപടികൾക്ക് തുടക്കമിടേണ്ടത് ?
7.പട്ടികയിൽ പേരുണ്ടായിരുന്നവരെ ഒഴിവാക്കിയാൽ അവർക്ക് അപ്പീൽ നൽകാൻ സമയം വേണ്ടേ?
8.അവരുടെ വോട്ടവകാശം നിഷേധിക്കപ്പെടില്ലേ ?
കമ്മിഷൻ വിശദീകരിക്കണം
1. വോട്ടർ പട്ടിക പുതുക്കൽ നടപടികൾക്കുള്ള കമ്മിഷന്റെ അധികാരം
2. പട്ടികയിൽ ഉൾക്കൊള്ളിക്കുന്നതിന്റെയും ഒഴിവാക്കുന്നതിന്റെയും നടപടിക്രമം
3. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എന്തിന് ഈ നടപടികൾ?
കമ്മിഷൻ വാദം
1. പൗരത്വം തെളിയിക്കാൻ ആധാർ കാർഡ് രേഖയല്ല
2. പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് 2017ലെ ആധാർ നിയമത്തിലുണ്ട്
3. 70 ലക്ഷത്തോളം പേർ സംസ്ഥാനത്തിന് പുറത്തേക്ക് താമസം മാറ്റി. അവരെ ഒഴിവാക്കണം
4. 2003ലെ പട്ടികയിലുണ്ടായിരുന്ന ഒരു കോടിയിൽപ്പരം പേർ മരിച്ചെന്നാണ് വിവരം. അതു പരിശോധിക്കണം
ഹർജിക്കാരുടെ വാദം
1. പുതുക്കലിനായി ആവശ്യപ്പെട്ട 11 രേഖകളിൽ ആധാർ, വോട്ടർ ഐ.ഡി, റേഷൻ കാർഡ് തുടങ്ങിയവ ഉൾപ്പെടുത്തിയില്ല
2. ജനപ്രാതിനിധ്യ നിയമം ആധാർ കാർഡിനെ അംഗീകരിച്ചിട്ടുണ്ട്
3. കമ്മിഷൻ നടപടികൾ ഏകപക്ഷീയം, ഭരണഘടനാ വിരുദ്ധം