ഷീ ജിന്‍പിംഗ് എവിടെപ്പോയി? അപ്രത്യക്ഷനാകുന്നത് ആദ്യമായിട്ടല്ല, മറുപടിയുമായി പീപ്പിള്‍സ് ഡെയ്‌ലി

Friday 11 July 2025 12:27 AM IST

ബീജിംഗ്: ഏതാനും ആഴ്ചകളായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിനെ പൊതുപരിപാടികളില്‍ കാണാനില്ലെന്ന പാശ്ചാത്യ മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ അഭ്യൂഹങ്ങള്‍ക്കു തിരികൊളുത്തിയിരിക്കെ, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് പാര്‍ട്ടി മുഖപത്രം പീപ്പിള്‍സ് ഡെയ്‌ലി .

വിവിധ ലോക നേതാക്കള്‍ക്ക് ഷീ കൈമാറിയ സന്ദേശങ്ങളും ഇടവേളയ്ക്കുശേഷം ചൈനീസ് മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ജൂലായ് 7ന് വടക്കന്‍ ചൈനയിലെ ഷാന്‍ഷീ പ്രവിശ്യയിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് ഇന്നലെ പുറത്തുവന്നത് . എല്ലാ ചിത്രങ്ങളിലും പേരിന് മുന്നില്‍ 'ചൈനീസ് പ്രസിഡന്റ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി, സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്‍ ചെയര്‍മാന്‍ ' എന്നീ മൂന്ന് പദവികളും അടിക്കുറിപ്പായി രേഖപ്പെടുത്തിയിട്ടുമുണ്ട്. പാര്‍ട്ടിയിലും സൈന്യത്തിലും അദ്ദേഹംതന്നെയാണ് പരമാധികാരി എന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഷീ ചില ഉത്തരവാദിത്വങ്ങള്‍ കൈമാറിയെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജൂണ്‍ 27ന് ബീജിംഗില്‍ വച്ച് ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയേല്‍ നൊബോവയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.

ബ്രസീലില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ നിന്ന് വിട്ടുനിന്നതോടെയാണ് ഊഹാപോഹം ശക്തമായത്. പുറത്താക്കാന്‍ പാര്‍ട്ടിയിലും സൈന്യത്തിലും നീക്കം നടക്കുന്നെന്നും രോഗം ബാധിച്ച് കിടപ്പിലാണെന്നും പ്രചരിക്കുന്നുണ്ട് . ചൈനയാകട്ടെ വാര്‍ത്തകളോട് പ്രതികരിച്ചിട്ടുമില്ല.

അപ്രത്യക്ഷനാകുന്നത് ആദ്യമല്ല

2022ലും പൊതുവേദികളില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. ആഴ്ചകള്‍ക്ക് ശേഷം പെട്ടെന്ന് ബീജിംഗില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വീട്ടുതടങ്കലിലാക്കിയെന്നും സൈനിക ജനറലും നോര്‍ത്തേണ്‍ തിയേറ്റര്‍ കമാന്‍ഡിന്റെ കമാന്‍ഡറുമായ ലി ക്വിയോമിംഗ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തെന്നുമൊക്കെ അന്ന് പ്രചരിച്ചിരുന്നു.

ട്രംപിന് ക്ഷണം

ജൂണ്‍ 5ന് ഷീയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. വ്യാപാര പിരിമുറുക്കമായിരുന്നു വിഷയം. ഷീ ചൈനയിലേക്ക് ക്ഷണിച്ചെന്നും താന്‍ അദ്ദേഹത്തെ യു.എസിലേക്ക് ക്ഷണിച്ചെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു.

എതിരാളി ഇല്ല

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എല്ലാം ഷീയാണ്. 2022ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം ദേശീയ കോണ്‍ഗ്രസില്‍ ഷീയെ രാജ്യത്തിന്റെ പരമോന്നത നേതാവായി അവരോധിച്ചു. മൂന്നാം തവണയും പ്രസിഡന്റായി തുടരാന്‍ അനുവദിക്കുന്ന ഭരണഘടനാ ഭേദഗതിയ്ക്ക് എതിരില്ലാതെ അംഗീകാരം ലഭിച്ചു. അധികാരത്തില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ ഉന്നത നേതാക്കളെയെല്ലാം ഷീ അന്ന് പുറത്താക്കി. 24 അംഗ പൊളിറ്റ്ബ്യൂറോയിലും പാര്‍ട്ടിയിലെ അവസാന വാക്കായ ഏഴ് അംഗ പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലും വിശ്വസ്തരെ പ്രതിഷ്ഠിച്ചു.