ഗുജറാത്തിൽ പാലം തകർന്ന സംഭവം: മരണം 18 ആയി, 4 എൻജിനിയർമാരെ സസ്പെൻഡ് ചെയ്തു

Friday 11 July 2025 12:33 AM IST

അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ ഇന്നലെ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകർന്നുണ്ടായ അപകടത്തിൽ മരണം 18 ആയി. ഇനിയും കണ്ടെത്താനുള്ള നാലു പേർക്കായി തെരച്ചിൽ തുടരുകയാണ്. പ്രദേശത്തെ കനത്ത മഴയും നദിയിൽ വെള്ളം കുത്തിയൊലിച്ച് എത്തുന്നതും തെരച്ചിലിന് തടസം സൃഷ്ടിച്ചു. പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ ചികിൽസയിലാണ്.

അതേസമയം, സംഭവത്തിൽ ഗുജറാത്ത് സർക്കാർ ഇന്നലെ നാല് എൻജിനിയർമാരെ സസ്പെൻഡ് ചെയ്തു. എൻ.എം നായിക്‌വാല (എക്‌സിക്യുട്ടീവ് എൻജിനിയർ), യു.സി പട്ടേൽ (ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എൻജിനിയർ), ആർ.ടി പട്ടേൽ (ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എൻജിനിയർ), ജെവി ഷാ (അസിസ്റ്റന്റ് എൻജിനിയർ) എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

പാലത്തിൽ നടത്തിയ അറ്റകുറ്റപ്പണികൾ, പരിശോധനകൾ, ഗുണനിലവാര പരിശോധനകൾ എന്നിവയെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സസ്‌പെൻഡ് ചെയ്യാൻ നടപടിയെടുത്തത്. അതേസമയം,സംസ്ഥാനത്തെ മറ്റ് പാലങ്ങളിൽ അടിയന്തര പരിശോധന നടത്താനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

പാലം അപകടാവസ്ഥയിലാണെന്ന് 2021 മുതൽ മുന്നറിയിപ്പ് നൽകിയിട്ടും ദേശീയപാത അതോറിട്ടിയും സംസ്ഥാന സർക്കാരും അവഗണിച്ചതാണ് അപകട കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു. 1985ൽ പണിത പാലത്തിലേക്ക് അമിത ഭാരമുള്ള വാഹനങ്ങൾ കടത്തിവിട്ടതും അപകട കാരണമായെന്നാണ് ആരോപണം.