മിൽക്ക് എ.ടി.എമ്മിന് ഡിമാൻഡേറുന്നു
കോട്ടയം: ഏത് സമയത്ത് ചെന്നാലും ശുദ്ധമായ പാൽ ലഭ്യമാകുന്ന എ.ടി.എം മിൽക്കിന് (ഓട്ടോമാറ്റ് മിൽക്ക് വെൻഡിംഗ് മെഷീൻ) ഡിമാൻഡേറുന്നു. ജില്ലയിൽ പത്ത് മെഷീനുകളാണ് വിവിധയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. പാമ്പാടി ബ്ലോക്കിന് കീഴിൽ ആറ്, പള്ളം ബ്ലോക്കിന് കീഴിൽ മൂന്ന്, കാണക്കാരിയിൽ ഒന്ന് എന്നിങ്ങനെ. ജില്ലയിലെ ആദ്യത്തെ മിൽക്ക് എ.ടി.എം സ്ഥാപിച്ചത് പാമ്പാടി ബ്ലോക്കിന് കീഴിലെ അരീപ്പറമ്പിലാണ്. ക്ഷീര സഹകരണസംഘങ്ങളുടെ കീഴിലാണ് പ്രവർത്തനം. അഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം. രണ്ട് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തിന്റെയും ബാക്കി ക്ഷീര സംഘത്തിന്റെ തനത് ഫണ്ടുമാണ്.
200 ലിറ്റർ പാൽ 100 ലിറ്റർ പാലാണ് ആദ്യകാലങ്ങളിൽ മെഷീൻ മുഖേന വിറ്റിരുന്നത്. ഇപ്പോഴത് 200 ലിറ്ററായി. 300 ലിറ്ററാണ് മെഷീനിന്റെ കപ്പാസിറ്റി. ഒരു ലിറ്ററിന് 60 രൂപയാണ് വില. അരീപ്പറമ്പ് സംഘത്തിന് കീഴിൽ 56 രൂപയാണ് ലിറ്റർ വില.
വിൽപ്പന കണക്ക് ഇങ്ങനെ: പ്രതിദിനം വിറ്റഴിയ്ക്കുന്നത്: 100 ലിറ്റർ പാൽ ഏറ്റവും കൂടുതൽ: മണർകാട് (170 ലിറ്റർ, പ്രതിദിനം) ഏറ്റവും കുറവ്: അകലക്കുന്നം (60 ലിറ്റർ, പ്രതിദിനം)
പ്രവർത്തനം ഇങ്ങനെ എല്ലാ ദിവസവും രാവിലെ മെഷീൻ ചൂട്‌വെള്ളത്തിൽ വൃത്തിയാക്കും, അണുനശീകരണം നടത്തും. തുടർന്നാണ് മെഷീനിലേക്ക് പാൽ നിറയ്ക്കുന്നത്. അതാത് ദിവസത്തെ പാലിന് 72 മണിക്കൂർ സമയപരിധിയുണ്ട്. 4 ഡിഗ്രി സെൽഷ്യസിൽ തണുപ്പിച്ചാണ് ഇത് സൂക്ഷിയ്ക്കുന്നത്. അതിനാൽ ഏത് ക്വാളിറ്റിയിലാണോ പാൽ ഒഴിക്കുന്നത് ആ രീതിയിൽ ഏത് രീതിയിലും നിലകൊള്ളും. പാൽ മിച്ചം വരുന്നത് വിരളമാണെന്ന് അധികൃതർ പറയുന്നു. ക്യാഷ്, ഗൂഗിൾ പേ തുടങ്ങിയ രീതിയിലും ബില്ല് അടയ്ക്കാം. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്യുവർ ലോ കമ്പനിയ്ക്കാണ് അറ്റകുറ്റപ്പണികളുടെ ചുമതല.
ആളുകൾ കൂടുതലായി എത്തുന്ന സ്ഥലത്താണ് പ്രധാനമായും മെഷീനുകൾ സ്ഥാപിക്കുന്നത്. കൂടുതൽ ആളുകളിലേയ്ക്ക് മെഷീന്റെ പ്രയോജനം ലഭിക്കണം. പൈക, കൂരാലി, പള്ളിക്കത്തോട്, കൂരോപ്പട എന്നിവിടങ്ങളിൽ മെഷീൻ സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതകളുണ്ട്.
ക്ഷീര സഹകരണ സംഘം അധികൃതർ