അക്കരെ ഇക്കരെ കടത്താൻ രാജുവും വള്ളവും എപ്പോഴും തയ്യാർ

Friday 11 July 2025 1:10 AM IST

കോട്ടയം: കടത്തുകടന്നുള്ള യാത്രകൾ നാടിന് അന്യമാകുമ്പോൾ കോട്ടയം നഗരമദ്ധ്യത്തിൽ താഴത്തങ്ങാടി ഇടക്കാട്ടുപള്ളിക്കടവിൽ അറുപത്തിരണ്ടുകാരനായ രാജുവും കത്തുസർവീസും കൗതുകമാകുന്നു.കോട്ടയം നഗരസഭയേയും അയ്മനം പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് കടത്ത്. അയ്മനം പഞ്ചായത്തിന്റെ കീഴിലാണ് സർവീസ്. ഒന്നര പതിറ്റാണ്ടായി മരിയാതുരുത്ത് വെട്ടിക്കാട്ടുവീട്ടിൽ രാജു വള്ളത്തിൽ യാത്രക്കാരെ അക്കരെ ഇക്കരെ എത്തിക്കുന്നു. 2018 ലെ പ്രളയ രക്ഷാപ്രവർത്തനങ്ങളിലും പങ്കാളിയായി. അക്കരെ കടവിനോടുചേർന്നാണ് രാജുവും ഭാര്യ സുമ, മക്കളായ രാഹുൽ, രഞ്ജിത, മരുമകൻ കണ്ണൻ എന്നിവർതാമസിക്കുന്നത്.

മുടങ്ങാതെയുണ്ടാകും കടവിൽ ഒരു ദിവസം പോലും മുടങ്ങാതെ രാജു കടവിലുണ്ടാകും. അടുത്ത ബന്ധുക്കളുടെ കല്യാണമായാലും മരണമായാലും രാജു രാവിലെ കടവിൽ ഹാജരാകും. ഏറെ ഇഷ്ടത്തോടെയാണ് കടത്തുജോലി ചെയ്യുന്നത്. രാവിലെ ഏഴിനു തുടങ്ങി വൈകിട്ട് ആറ് വരെയാണ് സർവീസ്. ഞായറാഴ്ച്ച ഉച്ചവരെയാണ് സർവീസ്. ആവശ്യക്കാർ ഉണ്ടെങ്കിൽ ഫോണിൽ വിളിച്ചാൽ ഓടിയെത്തും. കടത്തു സർവീസിന് പ്രതിദിനം 525 രൂപയാണ് ശമ്പളം. പഞ്ചായത്താണ് ശമ്പളവും വള്ളത്തിന്റെ വാടകയും നൽകുന്നത്. കടത്തിന് യാത്രക്കാർക്ക് ചാർജ് ഇല്ല. അറ്റകുറ്റപ്പണികൾ സ്വയം ചെയ്യണം. സ്വകാര്യ വ്യക്തിയുടെ വള്ളമാണ്. സ്വന്തമായി ചെറുവള്ളവുമുണ്ട്. വർഷത്തിൽ ഒരിക്കൽ ലൈസൻസ് പുതുക്കണം. അറ്റകുറ്റപ്പണിക്കായി ഇടക്ക് ഒരാഴ്ച വള്ളം തേച്ചുകഴുകി കടവിൽ കരയ്‌ക്കുകേറ്റിയിടും. ഉണങ്ങിയ ശേഷം പുറംഭാഗത്ത് ഫൈബർകോട്ട് അടിക്കും. അകത്ത് മീൻനെയ്യും. മുടക്കമില്ലാതെ ചെയ്താൽ വള്ളം കൂടെയുണ്ടാകും. തടികൊണ്ടുള്ള വള്ളത്തിൽ കടത്തുകാരനടക്കം മൂന്നുപേർക്കേ ഒരേ സമയം സഞ്ചരിക്കാനാകൂ. ഞായറാഴ്ചകളിൽ പള്ളിയിലേക്കും ക്ഷേത്രങ്ങളിലേക്കും എത്താനും കൂടുതൽ പേരും കടത്തുസർവീസാണ് ആശ്രയിക്കുന്നത്. വെള്ളപ്പൊക്കകാലത്തും ശക്തമായ ഒഴുക്കിലും പേടിയില്ലാതെ രാജു വള്ളമിറക്കി ആളുകളെ മറുകരയിൽ എത്തിക്കും. ചെറുപ്പം മുതൽ നീന്തൽ പരിശീലിച്ചതിനാൽ വെള്ളത്തെ പേടിയില്ല. ഈ പ്രായത്തിലും മടിയില്ലാതെ അക്കരെയിക്കരെ നീന്തും.

വാഹനമുള്ളവർക്ക് മൂന്നുകിലോമീറ്റർ അധികം ചുറ്റിയാൽ താഴത്തങ്ങാടി പാലത്തിലൂടെ അക്കരെയെത്താമെങ്കിലും യാത്രക്കാർക്ക് കടത്താണ് ആശ്രയം. നിരവധി സ്ഥിരം യാത്രക്കാരാണ്.

രാജു