മ്യാൻമറിലെ ഇന്ത്യക്കാരുടെ മോചനം: വേണുഗോപാൽ കേന്ദ്രത്തിന് കത്തയച്ചു

Friday 11 July 2025 1:11 AM IST

 തട്ടിപ്പിനിരയായത് അഞ്ച് മലയാളികളടക്കം 44 ഇന്ത്യക്കാർ

ന്യൂഡൽഹി: മ്യാൻമറിൽ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിലകപ്പെട്ട അഞ്ച് മലയാളികൾ ഉൾപ്പെടെ 44 ഇന്ത്യക്കാരുടെ മോചനത്തിന് കേന്ദ്രസർക്കാർ ഇടപെടണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയുടെ കത്ത്. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനാണ് കത്തയച്ചത്. മ്യാൻമറിലെ ഡോംഗ്‌മെയ് പാർക്കിൽ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിലായ കാസർകോട് പടന്ന സ്വദേശിയായ മഷൂദ് അലി പത്തു ദിവസം മുൻപ് ഇന്ത്യൻ എംബസിയെ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പരാതി. സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് തട്ടിപ്പു സംഘം ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. യൂറോപ്പിലുള്ള കമ്പനിയുടെ പാക്കിംഗ് സെക്ഷനിൽ ജോലി വാഗ്ദാനം ചെയ്‌താണ് തട്ടിപ്പ്. മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെ ഇവരിൽ പലരിൽ നിന്നും സംഘം വാങ്ങി. മഷൂദ് അലിയെപ്പോലെ തട്ടിപ്പിനിരയായി മ്യാൻമറിലെത്തിയ കൊല്ലം സ്വദേശി ജിഷ്‌ണുവിനെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ല. എത്രയും വേഗം സർക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇടപെടൽ ഉണ്ടായില്ലെങ്കിൽ അവരുടെ ജീവന് തന്നെ ആപത്താണെന്നു കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.