വൈറലായി ചാണ്ടി ഉമ്മന്റെ ഇടപെടൽ ചാണ്ടി ഉമ്മനെ പരിഹസിച്ച് നേതാക്കൾ, പ്രശംസിച്ച് കുടുംബം,
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നിടത്ത് ആദ്യമെത്തി ചാണ്ടി ഉമ്മൻ എം.എൽ.എ നടത്തിയ ഇടപെടൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായപ്പോൾ, ' വൺമാൻഷോ"അതിരുകടന്നെന്ന ഇടതു നേതാക്കളുടെ വിമർശനത്തിനൊപ്പം ചില കോൺഗ്രസ് നേതാക്കളും. കെട്ടിടം തകർന്ന സ്ഥലത്ത് പ്രതിപക്ഷത്ത് നിന്ന് ആദ്യമെത്തിയത് ചാണ്ടി ഉമ്മനായിരുന്നു. മണ്ണിനടിയിൽ ആരും പെട്ടിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ടും മന്ത്രിമാരും പറഞ്ഞെങ്കിലും ശുചിമുറിയിലേക്ക് പോയ അമ്മ തിരിച്ചെത്തിയില്ലെന്ന് അപകടത്തിൽപ്പെട്ട ബിന്ദുവിന്റെ മകൾ നവമി പറഞ്ഞതറിഞ്ഞ് അടിയന്തിരമായി തിരച്ചിൽ നടത്താൻ ചാണ്ടി ഉമ്മൻ സമ്മർദ്ദം ചെലുത്തി. ഇതോടെയാണ് ബിന്ദുവിനെ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബിന്ദുവിന്റെ മൃതദേഹവുമായി പോയ ആംബുലൻസ് ചാണ്ടി ഉമ്മൻ തടഞ്ഞ് മരണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് സർക്കാർ കുടുംബത്തിന് ധനസഹായവും മകൻ നവീന് ജോലിയും നവമിക്ക് വിദഗ്ദ്ധചികിത്സയും നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പൊലീസ് കേസെടുത്തു. പിറ്റേന്ന് ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട്ടിലെത്തി ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ പേരിൽ അഞ്ചു ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചത് അഞ്ചു ദിവസത്തിനുള്ളിൽ നൽകി. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് മെൻസ് ഹോസ്റ്റലിൽ മാദ്ധ്യമങ്ങളെയും കൂട്ടിയെത്തി കെട്ടിടത്തിന്റെ ശോച്യാവസ്ഥ പുറത്തു കൊണ്ടു വന്നു.
കോൺഗ്രസ് നേതാക്കന്മാർക്കും അതൃപ്തി
ചേർത്തു പിടിച്ച് സഹോദരിമാർ
ചാണ്ടി ഉമ്മൻ നടത്തിയ ഒറ്റയാൾ പോരാട്ടത്തിന് ശേഷം സംഭവ സ്ഥലത്തെത്തിയ കോൺഗ്രസ്,യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കാര്യമായെന്നും ചെയ്യാനുണ്ടായിരുന്നില്ല. 'വെപ്രാളം , ബഹളം , മറ്റുള്ളവർക്ക് ഷൈൻ ചെയ്യാൻ അവസരം ഇല്ലാതാക്കി' എന്നിങ്ങനെയായിരുന്നു കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ഉന്നത നേതാക്കളുടെ പ്രതികരണം
റോഡ് ഉപരോധിച്ച് മൃതദേഹവുമായി പോയ ആംബുലൻസ് തടഞ്ഞത് അടക്കം നടപടികളെ ചാണ്ടി ഉമ്മന്റെ വൺമാൻഷോ എന്ന് ഇടതു നേതാക്കൾ പരിഹസിച്ചപ്പോൾ സാധാരണക്കാരോടുള്ള പപ്പയുടെ കാരുണ്യത്തിന്റെയും കരുതലിന്റെയും തുടർച്ച ചാണ്ടി ഉമ്മനിലും കണ്ടുവെന്നായിരുന്നു സഹോദരിമാരായ അച്ചുവിന്റെയും മറിയയുടേതുമായി സാമൂഹ്യമാദ്ധ്യമങ്ങളിൽ വന്ന പോസ്റ്റ്.
ബിന്ദുവിന്റെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണം. മകന് ജോലിനൽകണം. നവമിക്ക് ചികിത്സ ഒരുക്കണം എന്നീ ആവശ്യങ്ങൾ സർക്കാർ നടപ്പാക്കിയതിൽ സന്തോഷം ഉണ്ട്. ഈ ആവശ്യങ്ങൾക്കായി റോഡ് ഉപരോധിച്ചതിന് ഒന്നാം പ്രതിയാക്കി കള്ളക്കേസ് എടുത്തത് നിയമപരമായി നേരിടും.
ചാണ്ടി ഉമ്മൻ എം.എൽ.എ