പണിമുടക്കിനിടെ അക്രമം: സി.പി.എം നേതാവുൾപ്പെടെ 5 പേർ അറസ്റ്റിൽ

Friday 11 July 2025 1:13 AM IST

ഗുരുവായൂർ: ദേശീയ പൊതുപണിമുടക്ക് ദിനത്തിൽ ഗുരുവായൂർ പടിഞ്ഞാറെ നടയിലെ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ മുൻ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കാരക്കാട് കക്കാട് രഘു (49)ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. പാലുവായ് വടശ്ശേരി വീട്ടിൽ അനീഷ് (ലുട്ടു - 45), തിരുവെങ്കിടം പനങ്ങോടത്ത് പ്രസാദ് (40), ഇരിങ്ങപ്പുറം കുളങ്ങര സുരേഷ് ബാബു (38), തൈക്കാട് മാവിൻചുവട് പുതുവീട്ടിൽമുഹമ്മദ് നിസാർ (50) എന്നിവരാണ് ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്ത മറ്റു നാലുപേർ.

സൗപർണിക ഹോട്ടലിന്റെ ഗ്ലാസ് വാതിലും ക്യാഷ് കൗണ്ടറുമാണ് പ്രതികൾ തകർത്തത്. ജീവനക്കാരെയും ഭക്ഷണം കഴിച്ചവരെയും ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഉച്ചയ്ക്ക് 11.45ഓടെ മുൻവാതിൽ പൊളിച്ചാണ് പത്തോളം പേർ ഉള്ളിൽ കടന്നത്. നേരത്തെയുള്ള ഓർഡർ അനുസരിച്ചും ലോഡ്ജിൽ താമസിച്ചിരുന്നവർക്കുമാണ് ഭക്ഷണം പാചകം ചെയ്തതും വിളമ്പിയതുമെന്ന് ഹോട്ടലുടമ വ്യക്തമാക്കിയിരുന്നു. സി.സി ടി.വി ക്യാമറകൾ നശിപ്പിച്ചെന്നും പരാതിയുണ്ടായിരുന്നു.