സഹോദരിയെ കുത്തിക്കൊന്ന യുവാക്കൾക്ക് ജീവപര്യന്തം

Friday 11 July 2025 1:14 AM IST

തലശ്ശേരി: രണ്ടാം വിവാഹത്തിന് താല്പര്യപ്പെട്ട സഹോദരിയെ കുത്തിക്കൊലപ്പെടുത്തുകയും ഇവരുടെ സുഹൃത്തിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ സഹോദരൻമാർക്ക് ജീവപര്യന്തം തടവും 60,​000 രൂപ പിഴയും. തില്ലങ്കേരി പടിക്കച്ചാലിലെ പുതിയപുര കെ.എൻ. ഇസ്മയിൽ (40), കെ.എൻ. ഫിറോസ് (36) എന്നിവരെയാണ് തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം അധികതടവ് അനുഭവിക്കണം.

ഒരാളൊഴികെ മറ്റെല്ലാ സാക്ഷികളും കൂറുമാറിയ കേസിൽ 13 വർഷത്തിന് ശേഷമാണ് വിധി. നാലുപേരെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. പടിക്കച്ചാലിലെ പുതിയപുരയിൽ ഖദീജയെയാണ് (28) കൊലപ്പെടുത്തിയത്. ഇവരെ രണ്ടാമത് വിവാഹം ചെയ്യാൻ തയ്യാറായ ഹമീദിനെ (47) കൊലപ്പെടുത്താനും ശ്രമിച്ചു. 2012 ഡിസംബർ 12നായിരുന്നു സംഭവം. മട്ടന്നൂർ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന കെ.വി.വേണുഗോപാലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ ജില്ലാ ഗവ. പ്ലീഡർ കെ.രൂപേഷ് ഹാജരായി.