ഹോട്ടൽ ഉടമയുടെ കൊലപാതകം: പ്രതികൾ പിടിയിലായത് സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ

Friday 11 July 2025 1:16 AM IST

തിരുവനന്തപുരം: വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിന് സമീപത്തെ കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻരാജിനെ കൊലപ്പെടുത്തിയ പ്രതികൾ പിടിയിലായത്, സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ.

ഹോട്ടലിലെ ജീവനക്കാർ താമസിക്കുന്ന വാടകവീട്ടിലേക്ക് ജസ്റ്റിൻരാജെത്തിയ സ്‌കൂട്ടർ,പ്രതികളായ ഡൽഹി സ്വദേശി ഡേവിഡ് ദിൽകുമാർ(31),വിഴിഞ്ഞം അടിമലത്തുറ സ്വദേശി രാജേഷ്(39) എന്നിവർ കരകുളത്ത് പണയം വച്ചിരുന്നു. ഇതിൽനിന്നു കിട്ടിയ പണവുമായി ഇവർ വിഴിഞ്ഞത്തെത്തി പുലർച്ചെ ഡൽഹിയിലേക്ക് കടക്കാനായിരുന്നു പ്ലാൻ. ജസ്റ്റിൻരാജിന്റെ സുഹൃത്ത് സ്റ്റാൻലിയുടെ വാഹനമാണിത്.

കൊലപാതകത്തിനുശേഷം ജസ്റ്റിന്റെ പഴ്‌സും എ.ടി.എം കാർഡും സ്‌കൂട്ടറും മോഷ്ടിച്ചാണ് ഇവർ ഇടപ്പഴഞ്ഞിയിലെ വീട്ടിൽ നിന്ന് രക്ഷപ്പെട്ടത്. കാർഡുകൾ ഉപയോഗിച്ച് എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും, പിൻനമ്പർ അറിയാത്തതിനാൽ ശ്രമം വിജയിച്ചില്ല. ദിൽകുമാർ നേപ്പാളിയാണെങ്കിലും വർഷങ്ങളായി ഡൽഹിയിലാണ് താമസം.

രാജേഷ് ജിംനേഷ്യം

പരിശീലകൻ

ജിംനേഷ്യം പരിശീലകനും ക്വിക്ക് ബോക്‌സറുമായ രാജേഷിന്റെ ഇടിയേറ്റാണ് ജസ്റ്റിന്റെ നെഞ്ചിലെ എല്ലുകൾ തകർന്നതെന്ന് പൊലീസ് പറയുന്നു. മദ്യലഹരിയിലായ ഇയാൾ തുടരെത്തുടരെ നെഞ്ചിൽ ആഞ്ഞിടിക്കുകയിരുന്നു. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് ഹൃദ്രോഗത്തിന് തുടർച്ചയായി മരുന്ന് കഴിക്കുന്ന ജസ്റ്റിൻരാജിന്,രാജേഷിന്റെ ഇടി താങ്ങാനുള്ള ശേഷിയില്ലായിരുന്നു. ചുമരിൽ ചാരി നിറുത്തിയും നിലത്തിട്ടും ആഞ്ഞിടിച്ചതോടെയാണ് നെഞ്ചിലെ എല്ലുകൾ തകർന്നത്. പ്രതികൾ വിഴിഞ്ഞത്തുണ്ടെന്ന വിവരത്തെ തുടർന്ന് പിടികൂടാനെത്തിയ പൊലീസുകാരെയും പ്രതികൾ ആക്രമിച്ചിരുന്നു.ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി ഉടൻ കസ്റ്റഡിയിൽ വാങ്ങും.

സംസ്കാരം ഇന്ന്

കൊല്ലപ്പെട്ട ജസ്റ്റിൻരാജിന്റെ മൃതദേഹം ഇന്ന് രാവിലെ 11ന് നെയ്യാറ്റിൻകര ഓലത്താന്നിയിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. വിദേശത്തായിരുന്ന ഏകമകൻ ഡോ.കിരൺ ഇന്നലെ നാട്ടിലെത്തിയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിനു ശേഷം, ജൂബിലി ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് രാവിലെ 9 ഓടെ ഓലത്താന്നിയിലെ സി.എസ്.ഐ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും.ഇടപ്പഴിഞ്ഞിയിലെ വീട്ടിൽ നടത്താനിരുന്ന പൊതുദർശനം ഒഴിവാക്കിയാണ് ഓലത്താന്നിയിലേക്ക് കൊണ്ടുപോകുന്നത്.