തലസ്ഥാനത്തെ ലഹരി ഡോൺ,വിമാനത്താവളത്തിലും പിടിപാട് ലഹരിക്കേസിൽ അറസ്റ്റിലായ സഞ്ജുവിന്റെ ബന്ധങ്ങൾ ഉന്നതങ്ങളിൽ
ഈ വർഷം നാല് വിദേശയാത്രകൾ
തിരുവനന്തപുരം:തലസ്ഥാനത്തെ ലഹരിയുടെ ഡോൺ എന്നാണ്, കല്ലമ്പലത്ത് വൻ രാസലഹരി വേട്ടയിൽ പിടിയിലായ സഞ്ജു എന്ന സൈജു അറിയപ്പെടുന്നത്. ജില്ലയിലും എറണാകുളം,കോഴിക്കോട് അടക്കം സഞ്ജുവിന്റെ വില്പന ശൃംഖല നീളുകയാണെന്ന് പൊലീസ് പറഞ്ഞു. ഈ വർഷം തന്നെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഒമാനിലേക്ക് നാല് യാത്ര ഇയാൾ നടത്തിയിട്ടുണ്ട്. പ്രതിക്ക് ലഹരി ലഭിച്ചത് ഒമാനിൽ നിന്നാണോ എന്നതടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. ലഹരിക്കടത്തിൽ സൈജു ഡോണായി തഴച്ചുവളർന്നതിന് പിന്നിൽ വമ്പൻമാർക്കും പങ്കുണ്ട്.വർഷങ്ങളായുള്ള ലഹരിക്കടത്തിൽ സൈജുവിനെ പൂട്ടാനായത് 2022ൽ മാത്രമാണ്.അന്ന് 27 ഗ്രാം എം.ഡി.എം.എയുമായാണ് പിടികൂടിയത്.പിടിയിലായ മറ്റ് പ്രതികൾ ഇതിലെ വെറും സഹായികളാകാമെന്നാണ് പൊലീസ് നിഗമനം.
ക്രിസ്റ്റൽ ക്ളിയർ സാധനം
സാധാരണ തലസ്ഥാനത്തുൾപ്പെടെ പിടികൂടുന്ന എം.ഡി.എം.എയുടെ ക്വാളിറ്റി കുറവാണ്.എന്നാൽ കല്ലമ്പലത്ത് പിടികൂടിയത് ക്രസ്റ്റൽ ക്ലിയർ അഥവാ ഏറ്റവും ശുദ്ധമായ എം.ഡി.എം.എയാണ്. ഇത് അപൂർവമായാണ് ലഭിക്കുന്നത്.ഇതിന് വിപണിയിൽ ചോദിക്കുന്ന തുക ലഭിക്കും.പ്രത്യേകം കസ്റ്റമേഴ്സിന് വേണ്ടിയാണ് ഇത്തരം സാധനങ്ങൾ എത്തിക്കുന്നത്.ഇത്രയും ക്ളിയറായ രാസലഹരി വിദേശത്തു നിന്ന് ലഭിക്കുന്ന സഞ്ജുവിന്റെ ലഹരി മാഫിയ ബന്ധവും വലുതാണ്. അതിലേക്ക് എത്താൻ ഇനിയും പൊലീസിനോ എക്സൈസിനോ കഴിഞ്ഞിട്ടില്ല.
വിമാനത്താവളത്തിലടക്കം പിടിപാട്
വൻതോതിൽ രാസലഹരി വിമാനത്താവളം വഴി കടത്താൻ സാധിക്കാറില്ല.എന്നാൽ വർഷങ്ങളായി സഞ്ജു ഇത് ചെയ്യുന്നുണ്ടെന്നാണ് അറിവ്. വിമാനത്താവളത്തിലടക്കം പിടിപാടുണ്ടെങ്കിലേ ഇതിന് സാധിക്കൂ.വലിയ ഈത്തപ്പഴം ബക്കറ്റ് മോഡൽ പെട്ടികളിലാണ് ഇത് കടത്തുന്നത്. ഈത്തപ്പഴത്തിനുള്ളിൽ എം.ഡി.എം.ഐ മുക്കി വയ്ക്കും.ചുറ്റും കറുപ്പുള്ളതിനാൽ അതിനകത്ത് എം.ഡി.എം.ഐ സൂക്ഷിച്ചാൽ വിമാനത്താവളത്തിലെ സ്കാനറിന് പിടിക്കപ്പെടാൻ സാധിക്കാറില്ല.എന്നാൽ സംശയം തോന്നിയാൽ അത് പരിശോധിക്കാം.പക്ഷേ പിടിപാടുണ്ടെങ്കിൽ എളുപ്പത്തിൽ പരിശോധന പൂർത്തിയാക്കിയിറങ്ങാം.
ആഡംബര വീട്
സഞ്ജു, വർക്കല ഞെക്കാട് ആഡംബര വീട് നിർമ്മിക്കുന്നുണ്ട്. ഇയാളുടെ ബാങ്ക്,ഫോൺ രേഖകളുടെ പരിശോധന പൊലീസ് ആരംഭിച്ചു.കുടുംബത്തെ മറയാക്കി ഇയാൾ ലഹരികടത്ത് നടത്തിയോ എന്നതടക്കം പരിശോധിക്കും.
ജില്ലയിൽ ഇതുവരെ
1300 കേസുകൾ
ഈ വർഷം ഇതുവരെ 1300 ലഹരിക്കേസുകൾ രജിസ്റ്റർ ചെയ്തു.ഇതിൽ 1400 പ്രതികളെയും പിടികൂടി.
എക്സൈസിനും വിവരം ലഭിച്ചു
പ്രതികളെ പറ്റി എക്സൈസിനും വിവരം ലഭിച്ചിരുന്നു. ഇവരുടെ വിവരശേഖരണം നടത്തുകയായിരുന്നു.ഇതിനിടെയാണ് ഡാൻസാഫിന് ഇവരെ ലഭിക്കുന്നത്.
ഡാൻസാഫ്
ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക്സ് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്സാണ് ചുരുക്കപേരിൽ 'ഡാൻസാഫ്' എന്നറിയപ്പെടുന്നത്.കേരള പൊലീസിന്റെ ജില്ലാ തലത്തിലുള്ള മയക്കുമരുന്ന് വിരുദ്ധ സേനയാണ് ഡാൻസാഫ്. അഞ്ച് ഡയറക്ട് എസ്.ഐമാരുണ്ട് ടീമിൽ. അവർക്ക് ഇതല്ലാതെ മറ്റ് ചുമതലകളില്ല. ഇവരുടെ കീഴിൽ പരിശീലനം നേടിയ 30 പൊലീസുകാരുമുണ്ട്. അഞ്ച് സബ് ഡിവിഷനിൽ ഇവർ പരിശോധന നടത്തും.
ലഹരി വന്ന വഴി പരിശോധിക്കും.വിമാനത്താവളത്തിൽ നിന്ന് എങ്ങനെ പുറത്ത് എത്തിയെന്നതും പരിശോധിക്കും.കൂടുതൽ വിവരം ശേഖരിക്കുകയാണ്.
കെ.എസ്. സുദർശൻ,റൂറൽ എസ്.പി തിരുവനന്തപുരം