‘അതൊന്നും എന്റെ ജോലിയല്ല’ ജനങ്ങളുടെ പരാതികളെ ആക്ഷേപിച്ച് കങ്കണ
ന്യൂഡൽഹി: ജനങ്ങൾ നൽകുന്ന പരാതികളെ ആക്ഷേപിച്ച് നടിയും ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള എം.പിയുമായ കങ്കണ റണൗട്ട്. അതേസമയം, തനിക്ക് രാഷ്ട്രീയ ജീവിതം ആസ്വദിക്കാനാവുന്നില്ലെന്നും ആത്മൻ ഇൻ രവി (എ.ഐ.ആർ) എന്ന യൂട്യൂബ് ചാനലിലെ പോഡ്കാസ്റ്റിൽ കങ്കണ പറഞ്ഞു.
'ഞാൻ രാഷ്ട്രീയപ്രവർത്തനം ആസ്വദിക്കുന്നുവെന്ന് ഒരിക്കലും പറയില്ല. അത് വളരെ വ്യത്യസ്തമായൊരു ജോലിയാണ്, സാമൂഹ്യസേവനമൊക്കെ പോലെ. എന്റെ പശ്ചാത്തലം ഇതായിരുന്നില്ല. ജനങ്ങളെ സേവിക്കുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. ഞാൻ സ്ത്രീകളുടെ അവകാശത്തിനായി പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ അത് ഇതിൽനിന്ന് വ്യത്യസ്തമാണ്.' ചോദ്യത്തിന് മറുപടിയായി കങ്കണ പോഡ്കാസ്റ്റിൽ പറഞ്ഞു.' നാട്ടുകാർ ഓരോ പ്രശ്നങ്ങളുമായി വരും. ഓട തകർന്നെന്ന് പറഞ്ഞ് ചിലർ വരും. ഞാനൊരു എം.പിയാണ്. പഞ്ചായത്ത് തലത്തിലുള്ള പ്രശ്നങ്ങളുമായാണ് ആളുകൾ എന്റെയടുത്തേക്ക് വരുന്നത്. അവർ ഒന്നും ശ്രദ്ധിക്കില്ല. അവർ നിങ്ങളെ കാണുമ്പോൾ തന്നെ പ്രശ്നങ്ങളുമായി നിങ്ങൾക്കരികിലേക്ക് വരും. പൊട്ടിപ്പൊളിഞ്ഞ റോഡിനെ കുറിച്ച് പറയുന്ന എംഎൽഎയോട് ഇത് സംസ്ഥാന സർക്കാരിന്റെ വിഷയമാണെന്ന് ഞാൻ പറയുമ്പോൾ അവർ പറയും, നിങ്ങളുടെ പക്കൽ പണമുണ്ടല്ലോ, സ്വന്തം പണം ഉപയോഗിക്കൂ എന്ന്.' കങ്കണ തുടർന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു താരത്തിന്റെ മറുപടി. 'ആ പദവിയിലിരിക്കാൻ വേണ്ടത്ര കഴിവ് എനിക്കില്ല. ഞാൻ വളരെ സ്വാർഥമായ ജീവിതമാണ് നയിച്ചത്. എനിക്ക് വലിയ വീടും വലിയ കാറും വജ്രങ്ങളുമെല്ലാം സ്വന്തമാക്കണം. അത്തരമൊരു ജീവിതമാണ് ഞാൻ നയിച്ചിരുന്നത്. ദൈവം എന്നിൽ അർപ്പിച്ച നിയോഗമെന്താണെന്ന് എനിക്കറിയില്ല. പക്ഷേ എന്റെ ജീവിതത്തെ ഇത്ര വലിയ ത്യാഗമായി ഞാൻ കാണുന്നില്ല.' കങ്കണ പറഞ്ഞു.