ഗാസയിൽ ആരോഗ്യ കേന്ദ്രത്തിന് സമീപം വെടിവയ്‌പ്: 15 പേർ കൊല്ലപ്പെട്ടു
ടെൽ അവീവ്: വെടിനിറുത്തലിനുള്ള ചർച്ചകൾ തുടരുന്നതിനിടെ, ഗാസയിൽ ആരോഗ്യ കേന്ദ്രത്തിന് സമീപം ഇസ്രയേൽ നടത്തിയ വെടിവയ്പിൽ പത്ത് കുട്ടികൾ അടക്കം 15 പാലസ്തീനികൾ കൊല്ലപ്പെട്ടു. മദ്ധ്യ ഗാസയിലെ ദെയ്ർ അൽ ബലാഹിലെ മെഡിക്കൽ പോയിന്റിൽ പോഷകക്കുറവിനുള്ള മരുന്നുകൾ വാങ്ങാൻ എത്തിയവർക്ക് നേരെയാണ് വെടിവയ്പുണ്ടായത്.
കുട്ടികളുടേത് അടക്കം മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ചു കിടക്കുന്നതിന്റെ ദയനീയ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. മേഖലയിലുണ്ടായിരുന്ന ഹമാസ് അംഗങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ പ്രതികരണം. വെടിവയ്പിനിടെ മറ്റുള്ളവർ ഉൾപ്പെട്ടെങ്കിൽ ഖേദിക്കുന്നെന്നും സംഭവം പരിശോധിച്ചു വരികയാണെന്നും കൂട്ടിച്ചേർത്തു.
അതിനിടെ, ഗാസയുടെ മറ്റു ഭാഗങ്ങളിൽ ഇന്നലെയുണ്ടായ ആക്രമണങ്ങളിൽ 48 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട പാലസ്തീനികളുടെ ആകെ എണ്ണം 57,760 കടന്നു.
10 ബന്ദികളെ മോചിപ്പിക്കാം: ഹമാസ്
ഗാസയിലെ വെടിനിറുത്തൽ ചർച്ചകളുടെ ഭാഗമായി 10 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ്. ഞായറാഴ്ച മുതൽ ഖത്തറിൽ ഇസ്രയേലുമായി തുടരുന്ന പരോക്ഷ ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഹമാസിന്റെ പ്രഖ്യാപനം.
ഇസ്രയേൽ വഴങ്ങാത്തതിനാൽ ചർച്ചകൾ കഠിനമാണെന്നും അവർ പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച 60 ദിവസത്തെ വെടിനിറുത്തൽ കരാർ യാഥാർത്ഥ്യമാക്കാനാണ് ശ്രമം തുടരുന്നത്. ഈ ആഴ്ച തന്നെ കരാറിൽ ധാരണയിലെത്തുമെന്ന പ്രതീക്ഷയിലാണ് യു.എസ്.