കപിൽ ശർമ്മയുടെ കഫേയ്‌ക്കുനേരെ ഖാലിസ്ഥാൻ വെടിവയ്‌പ്

Friday 11 July 2025 7:03 AM IST

ഒട്ടാവ: കാനഡയിൽ പ്രശസ്‌ത ബോളിവുഡ് ഹാസ്യതാരം കപിൽ ശർമ്മയുടെ കഫേയ്‌ക്കുനേരെ വെടിവയ്പ് നടത്തി ഖാലിസ്ഥാൻ ഭീകരർ. പ്രാദേശിക സമയം ബുധനാഴ്ച രാത്രി ബ്രിട്ടിഷ് കൊളംബിയയിലെ സറിയിലായിരുന്നു സംഭവം. ആളപായമില്ല. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) തേടുന്ന ഖാലിസ്ഥാൻ ഭീകരൻ ഹർജീത് സിംഗ് ലഡ്ഡി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

കപിൽ ശർമ്മ നടത്തിയ ചില പരാമർശങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് ഇയാൾ പ്രസ്താവനയിൽ അറിയിച്ചു. കാറിലെത്തിയ അക്രമികൾ കഫേയുടെ ജനാലയിലേക്ക് നിരവധി തവണ വെടിയുതിർത്തു. അടുത്തിടെയായിരുന്നു കഫേയുടെ ഉദ്ഘാടനം. ആക്രമണത്തിന്റെ വീഡിയോ പുറത്തായി. സംഭവത്തിൽ കാനഡ അന്വേഷണം ആരംഭിച്ചു.

നിരോധിത ഖാലിസ്ഥാൻ ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണൽ അംഗമാണ് ലഡ്ഡി. കഴിഞ്ഞ വർഷം ഏപ്രിലിൽ പഞ്ചാബിൽ വച്ച് വിശ്വ ഹിന്ദു പരിഷത് നേതാവ് വികാസ് ബാഗ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിന്റെ സൂത്രധാരനായ ഇയാൾ ജർമ്മനി ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.