നമീബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്‌ത് മോദി
ന്യൂഡൽഹി: നമീബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ അസംബ്ലി സ‌്പീക്കർ സാറ കൂഗോംഗെൽവയുടെ ക്ഷണപ്രകാരമാണിത്. ഇന്ത്യയും നമീബിയയുമായുള്ള ചരിത്രപരമായ ബന്ധവും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലെ സമാനതകളും മോദി അനുസ്‌മരിച്ചു. നമീബിയയുടെ സ്ഥാപക പിതാവ് ഡോ. സാം നുജോമയെ സ്‌മരിച്ചു. സ്വാതന്ത്ര്യം,സമത്വം,നീതി എന്നിവയുടെ കാവൽക്കാർ എന്ന നിലയിൽ,ഗ്ലോബൽ സൗത്തിന്റെ പുരോഗതിക്കായി ഇരുരാജ്യങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്‌തു. അതിലൂടെ ജനങ്ങളുടെ ശബ്‌ദങ്ങൾ കേൾക്കാൻ മാത്രമല്ല, അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും പൂർണമായി സാക്ഷാത്കരിക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി. ആഫ്രിക്കയുടെ പുരോഗതിക്കായി ഇന്ത്യ എപ്പോഴും പ്രവർത്തിക്കും. നൈപുണ്യവികസനത്തിനും പ്രാദേശിക നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും ആഫ്രിക്കയുടെ ‘അജണ്ട 2063’ന് പിന്തുണയേകുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എട്ടുദിവസത്തെ വിദേശ സന്ദർശനം പൂർത്തിയാക്കി മോദി ഇന്നലെ ഇന്ത്യയിൽ തിരികെയെത്തി. നമീബിയക്ക് പുറമെ ഘാന,ട്രിനിഡാഡ് ആൻഡ് ടൊബാഗോ,അർജന്റീന,ബ്രസീൽ, രാജ്യങ്ങളാണ് സന്ദർശിച്ചത്. ബ്രസീലിലെ ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്തു.