ചെങ്കടലിലെ കപ്പൽ ആക്രമണം: ഇന്ത്യക്കാരൻ അടക്കം 10 പേരെ രക്ഷിച്ചു

Friday 11 July 2025 7:06 AM IST

സനാ: ചെങ്കടലിൽ ഹൂതി ആക്രമണത്തെ തുടർന്ന് മുങ്ങിയ 'എറ്റേർണിറ്റി സി" കപ്പലിൽ നിന്ന് ഇന്ത്യൻ പൗരൻ അടക്കം 10 ജീവനക്കാരെ രക്ഷപെടുത്തിയതായി യൂറോപ്യൻ യൂണിയന്റെ മാരിടൈം സെക്യൂരിറ്റി മിഷൻ അറിയിച്ചു. രക്ഷപ്പെട്ടവരിൽ 8 പേർ ഫിലിപ്പീൻസുകാരും ഒരാൾ ഗ്രീക്ക് പൗരനുമാണ്.

മരിച്ചവരുടെ എണ്ണം നാലായി (മൂന്ന് ഫിലിപ്പീൻസുകാർ, ഒരു റഷ്യക്കാരൻ). 11 ജീവനക്കാരെ കാണാതായി (10 പേർ ഫിലിപ്പീൻസുകാർ, ഒരാളുടെ പൗരത്വം വ്യക്തമല്ല). ഇതിൽ 6 പേർ ഹൂതികളുടെ പിടിയിലാണെന്നാണ് വിവരം. തിങ്കളാഴ്ചയാണ് ലൈബീരിയൻ പതാക വഹിക്കുന്ന, ഗ്രീക്ക് നിയന്ത്രണത്തിലുള്ള എറ്റേർണിറ്റി സിയ്ക്ക് നേരെ യെമനിലെ ഹൂതി വിമതർ മിസൈലാക്രമണം നടത്തിയത്.

ചൊവ്വാഴ്ചയും ആക്രമണം തുടർന്നതോടെ കപ്പൽ മുങ്ങുകയായിരുന്നു. ഇസ്രയേൽ തുറമുഖം ലക്ഷ്യമാക്കിയാണ് കപ്പൽ സഞ്ചരിച്ചിരുന്നത്. ഗാസയ്ക്കുള്ള ഐക്യദാർഢ്യമായി ഇസ്രയേലിലേക്ക് പോകുന്ന കപ്പലുകളെ ആക്രമിക്കുന്നത് തുടരുമെന്ന് ഹൂതികൾ പ്രതികരിച്ചു.