75 വയസാകുമ്പോൾ മോദി വിരമിക്കുമോ? പ്രായമെത്തിയാൽ വഴിമാറണമെന്ന് ആർഎസ്എസ് മേധാവി

Friday 11 July 2025 9:02 AM IST

നാഗ്‌പൂർ: 75 വയസായാൽ വിരമിക്കണമെന്നുള്ള ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ പരാമർശത്തെച്ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുന്നു. ഭഗവതിന്റെ പരാമർശം മോദിക്കുള്ള സന്ദേശമെന്നാണ് പ്രതിപക്ഷം പറയുന്നത്. എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിംഗ് തുടങ്ങിയ മുൻനിര ബിജെപി നേതാക്കളെയെല്ലാം 75 വയസ് തികഞ്ഞപ്പോൾ മോദി വിരമിക്കാൻ നിർബന്ധിച്ചു. ഇപ്പോൾ അദ്ദേഹം അതേ നിയമം തനിക്കും ബാധകമാക്കുമോ എന്ന് നോക്കാമെന്നായിരുന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് പറയുന്നത്.

അന്തരിച്ച ആർഎസ്എസ് സൈദ്ധാന്തികൻ മോറോപന്ത് പിംഗ്ലെയുടെ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു മോഹൻ ഭഗവതിന്റെ പരാമർശം. '75 വയസ് തികഞ്ഞതിന് ശേഷം നിങ്ങളെ ഷാൾ അണിയിച്ച് ആദരിക്കുകയാണെങ്കിൽ അതിനർത്ഥം നിങ്ങൾക്ക് പ്രായമായി, ഇപ്പോൾ നിർത്തണം, മ​റ്റുള്ളവർ അകത്തേക്ക് വരട്ടെ എന്ന് മോറോപന്ത് പിംഗ്ലെ ഒരിക്കൽ പറഞ്ഞിരുന്നു' എന്നാണ് പ്രസംഗത്തിനിടെ ഭഗവത് പറഞ്ഞത്. മോദിക്കും മോഹൻ ഭഗവതിനും സെപ്തംബറിലാണ് 75 വയസ് തികയുന്നത്. ആർഎസ്എസും മോദിയും തമ്മിലുള്ള ബന്ധം അത്ര നന്നല്ലെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ട്.

മാർച്ചിൽ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് മോദി സന്ദർശനം നടത്തിയത് തന്റെ വിരമിക്കൽ സാദ്ധ്യതയെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നുവെന്ന് സഞ്ജയ് റാവുത്ത് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് വെറും അവകാശവാദമെന്നാണ് ബിജെപി ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്.

മോഹൻ ഭഗവത് പ്രസ്താവന നടത്തിയ അതേ ദിവസം തന്നെ വിരമിക്കലിനു ശേഷമുള്ള തന്റെ ആഗ്രഹങ്ങളെക്കുറിച്ച് അമിത് ഷാ തുറന്നുപറഞ്ഞത് കൗതുകമായി. ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു അമിത് ഷാ തന്റെ ആഗ്രഹങ്ങൾ വ്യക്തമാക്കിയത് . വിരമിക്കലിനു ശേഷം വേദങ്ങൾ, ഉപനിഷത്തുകൾ, ജൈവകൃഷി എന്നിവയ്ക്കായി സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. എന്നാൽ എപ്പോഴാണ് വിരമിക്കാൻ ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.