മരിച്ചെന്ന് ഡോക്‌ടർമാർ വിധിയെഴുതി; സംസ്‌കരിക്കാനൊരുങ്ങവെ നവജാതശിശു കരഞ്ഞു; ആശുപത്രിക്കെതിരെ പരാതി
മുംബയ്: മരിച്ചെന്ന് ഡോക്‌ടർമാർ വിധിയെഴുതിയ നവജാത ശിശുവിനെ അടക്കം ചെയ്യാൻ ഒരുങ്ങുന്നതിനിടെ ജീവനുള്ളതായി കണ്ടെത്തി. മുംബയിലെ അംബജോഗൈയിലെ സ്വാമി രാമനാഥതീർത്ഥ സർക്കാർ ആശുപത്രിയിലാണ് സംഭവം. മരിച്ചെന്ന് അറിയിച്ച ശേഷം കുഞ്ഞിനെ ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് കൈമാറി. എന്നാൽ, 12 മണിക്കൂറിന് ശേഷം കുട്ടി കരയുകയായിരുന്നു.
ഈ മാസം ഏഴിന് രാത്രിയാണ് മുംബയ് സ്വദേശിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ, എട്ട് മണിയോടെ കുഞ്ഞ് മരിച്ചുവെന്ന് ഡോക്‌ടർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് സംസ്‌കാര ചടങ്ങുകൾക്കായി കുഞ്ഞിന്റെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോയി. പിറ്റേന്ന് മൃതദേഹം സംസ്‌കരിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ കുഞ്ഞിന്റെ മുഖം അവസാനമായി കാണണമെന്ന് മുത്തശ്ശി ആവശ്യപ്പെട്ടു. ഇതിനായി മുഖം മറച്ചിരുന്ന തുണി മാറ്റിയപ്പോൾ കുഞ്ഞ് കരയുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
ജനിച്ചശേഷം കുഞ്ഞിൽ ജീവന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മരുന്നുകളോട് പ്രതികരിച്ചിരുന്നില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 27 ആഴ്‌ച ഭ്രൂണ വളർച്ചയുള്ളപ്പോഴാണ് യുവതി ആശുപത്രിയിൽ എത്തിയത്. പ്രസവത്തിൽ സങ്കീർണതകൾ ഉണ്ടായിരുന്നെന്ന് ഡോക്‌ടർ പറയുന്നു. ജനിച്ചപ്പോൾ കുഞ്ഞിന് 900 ഗ്രാം മാത്രമാണ് ഭാരം ഉണ്ടായിരുന്നത്.
മരുന്നുകളോട് പ്രതികരിക്കാത്തതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചെന്ന് കരുതിയതെന്ന് ഡോക്‌ടർമാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആശുപത്രി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ഡോക്‌ടർമാർക്കെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. യുവതിയുടെ ബന്ധുക്കൾ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.