പാകിസ്ഥാന് വീണ്ടും തലവേദനയായി ബലൂചിസ്ഥാൻ, ഒമ്പത് ബസ് യാത്രക്കാരെ തട്ടിക്കൊണ്ടു പോയി വെടിവച്ചു കൊന്നു
ലാഹോർ: ബലൂചിസ്ഥാനിൽ അജ്ഞാതർ ഒമ്പത് ബസ് യാത്രക്കാരെ തട്ടിക്കൊണ്ടു പോയ ശേഷം വധിച്ചു. വ്യാഴാഴ്ചയാണ് സംഭവം. ക്വറ്റയിൽ നിന്ന് ലാഹോറിലേക്ക് പോകുകയായിരുന്ന യാത്രാ ബസുകളെ തടഞ്ഞുനിർത്തി തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷം തട്ടിക്കൊണ്ടു പോയി ആക്രമണം നടത്തുകയായിരുന്നു. ഒന്നിലധികം ബസുകളിൽ നിന്നുള്ള യാത്രക്കാരെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയതെന്ന് പ്രാദാശിക ഭരണകൂടം സ്ഥിരീകരിച്ചു.
യാത്രക്കാരുടെ മൃതദേഹങ്ങൾ വെടിയേറ്റ നിലയിലാണ് കാണപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ ബലൂച് വിഘടനവാദികളാണെന്നാണ് അധികൃതർ സംശയിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള യാത്രക്കാരെ ലക്ഷ്യമിട്ട് ബലൂച് തീവ്രവാദികൾ മുമ്പും ഇത്തരം ക്രൂരമായ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
കിഴക്കൻ പഞ്ചാബ് പ്രവിശ്യയിൽ നിന്നും വന്ന യാത്രക്കാരാണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് ഇവരെ കൊലപ്പെടുത്തിയിരിക്കാമെന്നാണ് നിഗമനം. അഫ്ഗാനും ഇറാനുമായി പാകിസ്ഥാനിൽ അതിർത്തി പങ്കിടുന്ന ധാതു സമ്പന്നമായ മേഖലയിൽ വളരെക്കാലമായി പ്രവർത്തിക്കുന്ന ഒട്ടേറെ വിമത ഗ്രൂപ്പുകളിൽ ഏറ്റവും ശക്തമാണ് ബലൂച് ലിബറേഷൻ ആർമി.
പഞ്ചാബ് പ്രവിശ്യക്ക് സഹായം നൽകുന്നതിനായി തങ്ങളുടെ ധാതു വിഭവങ്ങൾ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ബലൂച് വിഘടനവാദി പാകിസ്ഥാൻ സർക്കാരിനെതിരെ തിരിഞ്ഞ് വിവധയിടങ്ങളിൽ ആക്രമണം നടത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.