ടിക്കറ്റ് നിരക്ക് 389 രൂപ, പക്ഷെ വാങ്ങിയത് 390; അധിക തുക ഈടാക്കിയതിന് നഷ്ടപരിഹാരമായി 30,001 നൽകണം, മുട്ടൻ പണി

Friday 11 July 2025 10:48 AM IST

ബംഗളൂരു: ബസ് ടിക്കറ്റ് നിരക്കായി യാത്രക്കാരനിൽ നിന്ന് ഒരു രൂപ അധികം ഈടാക്കിയതിന് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി) നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് ഉപഭോക്തൃ ഫോറം. കെഎസ്ആർടിസി യാത്രക്കാരന് 30,001 രൂപയാണ് നഷ്ടപരിഹാരമായി നൽകേണ്ടത്. മൈസൂർ ജില്ലാ ഉപഭോക്തൃ ഫോറം ചെയർപേഴ്സൺ എ കെ നവീൻകുമാരിയാണ് ജൂലായ് ഏഴിന് ഉത്തരവിട്ടത്.

മൈസർ സ്വദേശിയും അഭിഭാഷകനുമായ ജെ കിരൺകുമാർ നൽകിയ പരാതിയിലാണ് നടപടി. കൃത്യസമയത്തിനുളളിൽ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ കെഎസ്ആർടിസി ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഉത്തരവിലുണ്ട്.യാത്രക്കാരന് 25,000 രൂപയും കോടതി ചെലവിലേക്ക് 5000 രൂപയും കെഎസ്ആർടിസി ഒരുമാസത്തിനകം നൽകണമെന്നും ഉത്തരവിലുണ്ട്.

കഴിഞ്ഞ വർഷം ഡിസംബർ 31ന് മൈസൂരിൽ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആർടിസിയുടെ ഐരാവത് എസി ബസിൽ യാത്ര ചെയ്ത കിരൺ ടിക്കറ്റ് നിരക്കായി 390 രൂപ ഡ‍ിജിറ്റൽ പേയ്മെന്റ് മുഖേന നൽകിയിരുന്നു. ടിക്കറ്റ് നിരക്ക് 370 രൂപയും ജിഎസ്ടി 19 രൂപയും ഉൾപ്പെടെ 389 രൂപയാണ് യഥാർത്ഥ നിരക്ക്. എന്നാൽ, നിരക്ക് കണക്കുകൂട്ടുന്നതിന്റെ ഭാഗമായാണ് 390 രൂപ ഈടാക്കിയത്. ഡിജിറ്റൽ പേയ്മെന്റിൽ കൃത്യം തുക നൽകാമായിരുന്നിട്ടും അധിക നിരക്ക് ഈടാക്കിയതിനെതിരെയാണ് കിരൺ ഈ വർഷം ഫെബ്രുവരി പത്തിന് ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകണമെന്നായിരുന്നു കിരണിന്റെ പരാതിയിലുണ്ടായിരുന്നത്.