യൂണിവേഴ്‌സിറ്റി ചോദ്യപ്പേപ്പറിൽ സ്വാതന്ത്യ സമര സേനാനികളെ 'തീവ്രവാദികൾ' എന്ന് വിശേഷിപ്പിച്ചു; അച്ചടി പ്രശ്‌നമെന്ന് വിസി
കൊൽക്കത്ത: ഹിസ്റ്ററി ചോദ്യപ്പേപ്പറിൽ സ്വാതന്ത്ര്യ സമര സേനാനികളെ 'തീവ്രവാദികൾ' എന്ന് വിശേഷിപ്പിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വൈസ് ചാൻസലർ ദീപക് കുമാർ കർ. അച്ചടി പിഴവാണെന്നാണ് വിദ്യാസാഗർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറിന്റെ വിശദീകരണം. പരീക്ഷാ കൺട്രോളറിൽ നിന്നുൾപ്പെടെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് ലഭിച്ചശേഷമാണ് പിശക് സംഭവിച്ചത് അച്ചടി സമയത്താണെന്ന് കണ്ടെത്തിയതെന്നും ദീപക് കുമാർ കർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഇതിന്റെ കാരണക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മോഡറേഷനിൽ ഉൾപ്പെട്ട അദ്ധ്യാപകനെ സർവകലാശാലയിൽ നിന്ന് മാറ്റി. ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനെയും സ്ഥാനത്ത് നിന്ന് മാറ്റുമെന്നും വിസി പറഞ്ഞു.
'ബിജെപി വെസ്റ്റ് ബംഗാൾ' എന്ന സമൂഹമാദ്ധ്യമ പേജിലൂടെയാണ് ചോദ്യപ്പേപ്പറിന്റെ ചിത്രം പുറത്തുവന്നത്. 'പശ്ചിമ ബംഗാൾ സ്വാതന്ത്ര്യ സമര സേനാനികൾ ഇപ്പോൾ തീവ്രവാദികളാണ്!!! വിദ്യാസാഗർ സർവകലാശാല ഹിസ്‌റ്ററി ഓണേഴ്‌സ് ആറാം സെമസ്റ്റർ ചോദ്യപ്പേപ്പറാണിത്. ഇതിഹാസ ഇന്ത്യൻ വിപ്ലവകാരികളെ ഭീകരർ എന്ന് മുദ്രകുത്തുന്ന ലജ്ജാകരമായ ചോദ്യമാണ് ഉൾപ്പെടുത്തിയിട്ടുള്ളത് ' - എന്ന തലക്കെട്ടിനൊപ്പമാണ് ചോദ്യപ്പേപ്പർ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ‘മേദിനിപൂരിലെ മൂന്ന് ജില്ലാ മജിസ്‌ട്രേറ്റുകളെ ഭീകരർ കൊന്നു’ ഇവർ ആരൊക്കെ എന്നാണ് ചോദ്യം. ശേഷം നൽകിയിരിക്കുന്ന ഓപ്‌ഷനുകൾ ബിമൽ ദാസ് ഗുപ്ത, ജ്യോതി ജിബാൻ ഘോഷ്, പ്രദ്യോത് ഭട്ടാചാര്യ, പ്രബാൻഷു പാൽ എന്നീ പേരുകളാണ്. ഇവർ നാലുപേരും ബ്രിട്ടീഷുകാർക്കെതിരെ പോരാടിയവരാണ്.
ഒരുകാലത്ത് ബൗദ്ധികതയുടെയും ദേശീയതയുടെയും കളിത്തൊട്ടിലായിരുന്നു ബംഗാൾ. എന്നാൽ ഇന്ന്, മമത ബാനർജി സർക്കാരിന് കീഴിൽ, ഇന്ത്യൻ ദേശീയത എന്ന ആശയം തന്നെ അപകീർത്തിപ്പെടുത്തുകയാണെന്നും ബിജെപി വിമർശിച്ചു. സ്വാതന്ത്ര്യ സമര സേനാനികളെ കുറ്റവാളികളുമായി തുലനം ചെയ്യുന്നു. യുവമനസുകളെ വിഷലിപ്‌തമാക്കുന്നതിനായി മനഃപൂർവം ചെയ്‌തതാണിതെന്നും ബിജെപി പുറത്തുവിട്ട പോസ്റ്റിൽ പറയുന്നു.