ഭർതൃസഹോദരനുനേരെ യുവതി ശൂലം എറിഞ്ഞു; കൊണ്ടത് പിഞ്ചുകുഞ്ഞിന്റെ തലയിൽ, കൊലക്കേസിൽ കസ്റ്റഡിയിലായത് കുടുംബം മുഴുവൻ

Friday 11 July 2025 11:32 AM IST

പൂനെ: കുടുംബവഴക്കിനിടെ യുവതി ഭർതൃസഹോദരനുനേരെ എറിഞ്ഞ ശൂലം തലയിൽ തറച്ച് പതിനൊന്നുമാസം പ്രായമായ കുഞ്ഞ് മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. അവധൂത് മെങ്‌വാഡെ എന്ന കുട്ടിയാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മാതാപിതാക്കളെയും അവരുടെ സഹോദരനെയും ഭാര്യയെയും ചോദ്യംചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

പൊലീസ് പറയുന്നത്: പല്ലവി മെങ്‌വാഡെയും ഭർത്താവ് സച്ചിൻ മെങ്‌വാഡെയും തമ്മിൽ കുടുംബപ്രശ്നങ്ങളുടെ പേരിൽ വഴക്കാരംഭിച്ചു. കലിമൂത്ത് കയ്യാങ്കളിയുടെ വക്കിലെത്തിയപ്പോൾ സച്ചിന്റെ സഹോദരൻ നിതിൻ വിഷയത്തിൽ ഇടപെടുകയും ഇരുവരെയും സമാധാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. നിതിന്റെ ഭാര്യ ഭാഗ്യശ്രീയും ഭർത്താവിനൊപ്പം ചേർന്നു. ഇവരുടെ ഇടപെടൽ പല്ലവിക്ക് സഹിക്കാൻ കഴിഞ്ഞില്ല. കലികയറിയ അവർ അവിടെയുണ്ടായിരുന്ന ത്രിശൂലം എടുത്ത് നിതിനുനേരെ എറിഞ്ഞു. എന്നാൽ അയാൾ ഒഴിഞ്ഞുമാറിയതിനാൽ ഭാഗ്യശ്രീയുടെ കൈയിലിരുന്ന കുഞ്ഞിന്റെ തലയിൽ ശൂലം പതിച്ചു. മാരകമായി മുറിവേറ്റ കുഞ്ഞ് തൽക്ഷണം മരിച്ചു. തലയ്‌ക്കേറ്റ ആഴത്തിലുളള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വീട്ടിലെത്തുമ്പോൾ ശൂലം കഴുകി വൃത്തിയാക്കിയിരുന്നു. മുറിയിലെ രക്തക്കറ തുടച്ചുമാറ്റിയ നിലയിലായിരുന്നു. ഇത് തെളിവ് നശിപ്പിക്കാൻ വേണ്ടിയാണെന്നാണ് പൊലീസ് കരുതുന്നത്. തുടർന്നാണ് വീട്ടിലെ മുതിർന്നവരെ മുഴുവൻ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യൽ പൂർത്തിയാകുന്നതോടെ സംഭവത്തിന് പിന്നിലെ കൂടുതൽ വസ്തുതകൾ വെളിവാകുമെന്നാണ് പൊലീസ് പറയുന്നത്.