"മമ്മൂക്ക ഡയറ്റ് എന്ന് പറയുന്നൊരു ഡയറ്റ് തന്നെയുണ്ട്; പണ്ട് 40 ഇഡ്ഡലി കഴിച്ചിരുന്ന ഞാനിന്ന് ചെയ്യുന്നത്"

Friday 11 July 2025 12:04 PM IST

ആരോഗ്യത്തിന്റെ കാര്യത്തിൽ യാതൊരുവിധ കോംപ്രമൈസും ചെയ്യാത്തയാളാണ് മെഗാസ്റ്റാർ മമ്മൂട്ടി. അദ്ദേഹത്തിന്റെ ഡയറ്റിനെക്കുറിച്ച് പല താരങ്ങളും ഇതിനുമുമ്പ് വാതോരാതെ സംസാരിച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി ഡയറ്റ് എന്ന പേരിൽ ഒരു ഡയറ്റ് തന്നെയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ സുരേഷ് കൃഷ്ണ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാൻ സിനിമയിൽ വന്ന സമയത്താണ് നാൽപ്പത് ഇഡ്ഡലിയൊക്കെ കഴിച്ചത്. കുറച്ച് വയസൊക്കെ ആയപ്പോൾ പഴയ തീറ്റയൊക്കെ കുറഞ്ഞു. മമ്മൂക്കയുടെ ഡയറ്റൊക്കെ കണ്ടാണ് പലതും പഠിച്ചത്. മമ്മൂക്ക ഡയറ്റ് എന്ന് പറയുന്നൊരു ഡയറ്റ് തന്നെ ഉണ്ടാക്കിവച്ചിട്ടുണ്ട്. പുള്ളി എന്തും കഴിക്കും. പക്ഷേ അളവ് വളരെ കുറവായിരിക്കും. വലിച്ചുവാരി തീറ്റയില്ല.

ഞാൻ പറ്റുന്ന സമയത്തൊക്കെ ജിമ്മിൽ പോകാറുണ്ട്. പണ്ട് ഇഷ്ടം പോലെ കഴിച്ചിരുന്ന സമയത്ത് 120 കിലോയോളം പോയതാണ് ഞാൻ. ഇപ്പോൾ വർഷങ്ങളായി 101, 102 ആയി മെയിന്റെയിൻ ചെയ്യുന്നുണ്ട്.'- സുരേഷ് കൃഷ്ണ പറഞ്ഞു.