കോഴിയുടെ കാലുകൾ തല്ലിയൊടിച്ചു, പൊലീസ് സ്റ്റേഷനിൽ പരാതിയുമായി വൃദ്ധ; കരളലിയിപ്പിക്കുന്ന ദൃശ്യങ്ങൾ

Friday 11 July 2025 12:14 PM IST

ഹൈദരാബാദ്: അയൽവാസിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പൊലീസ് സ്​റ്റേഷനിലെത്തിയ വൃദ്ധയുടെ വീഡിയോ വൈറലാകുന്നു. തന്റെ കോഴിയുടെ കാലുകൾ വടിയുപയോഗിച്ച് അടിച്ചൊടിച്ച അയൽവാസിയായ രാകേഷിനെതിരെയാണ് ഗംഗമ്മ എന്ന വൃദ്ധ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലായിരുന്നു സംഭവം.

കാലൊടിഞ്ഞ കോഴിയുമായാണ് വൃദ്ധ നക്രേക്കൽ പൊലീസ് സ്​റ്റേഷനിൽ എത്തിയത്. പൊലീസുകാരും വൃദ്ധയും തമ്മിലുളള സംഭാഷണങ്ങളാണ് ഇപ്പോൾ വൈറലായത്. വളരെയധികം വിഷമത്തോടെയാണ് ഗംഗമ്മ പൊലീസുകാരോട് സംസാരിച്ചത്. രാകേഷിനെതിരെ കേസെടുക്കണമെന്നാണ് വൃദ്ധയുടെ ആവശ്യം. ദിവസവും പറമ്പിൽ ചു​റ്റിത്തിരിയുന്ന കോഴി വൈകുന്നേരമാകുമ്പോൾ വീട്ടിലേക്കെത്തും. എന്നാൽ ഇന്ന് വൈക്കോൽ കൂനയ്ക്ക് സമീപം കോഴിയെ കണ്ട രാകേഷ് വടിയുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ഗംഗമ്മ പറഞ്ഞു.

തനിക്ക് നഷ്ടപരിഹാരമായി പണം ആവശ്യമില്ല. എന്നാൽ നീതി വേണമെന്നാണ് വൃദ്ധ പൊലീസിനോട് പറഞ്ഞത്. എന്നാൽ രാകേഷുമായുളള പ്രശ്നത്തിന് ഗ്രാമത്തിലെത്തി പരിഹാരം കാണാമെന്നാണ് പൊലീസ് ഗംഗമ്മയോട് പറഞ്ഞത്. തുടർന്ന് പൊലീസ് ഗംഗമ്മയെ സമാധാനിപ്പിച്ച് വീട്ടിലേക്ക് അയക്കുകയായിരുന്നു.