"അവൻ എനിക്ക് സ്വന്തം അനിയനെപ്പോലെ"; കാർത്തിക് സൂര്യയ്ക്ക് കിടിലൻ വിവാഹ സമ്മാനവുമായി മഞ്ജു പിള്ള

Friday 11 July 2025 3:09 PM IST

അവതാരകനും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ കാർത്തിക് സൂര്യയുടെ വിവാഹമായിരുന്നു ഇന്ന്. മുറപ്പെണ്ണായ വർഷയാണ് കാർത്തിക്കിന്റെ ജീവിത സഖി. പ്രണയ വിവാഹമല്ല, വീട്ടുകാർ മുന്നോട്ടുവച്ച പ്രപ്പോസലായിരുന്നുവെന്ന് കാർത്തിക് നേരത്തെ വ്യക്തമാക്കിയിരുന്നു.

വിവാഹ വിശേഷങ്ങളെല്ലാം കാർത്തിക് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. വിവാഹ ചടങ്ങിന്റെ ലൈവ് സ്ട്രീമിംഗും ഉണ്ടായിരുന്നു. വിവാഹത്തിന് നടി മഞ്ജു പിള്ള നൽകിയ സമ്മാനത്തെക്കുറിച്ച് തന്റെ വ്‌ളോഗിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ് കാർത്തിക്. പ്ലാറ്റിനത്തിലും ഗോൾഡിലും തീർത്ത മോതിരവും മുരുകന്റെ വേൽ പതിച്ച വെള്ള ബ്രേസ്‌ലറ്റുമാണ് മഞ്ജുപിള്ള നൽകിയത്. ആനവാൽ മോതിരം നൽകാനായിരുന്നു മഞ്ജു പിള്ള ആദ്യം പ്ലാൻ ചെയ്തത്. എന്നാൽ കാർത്തിക്കിന് പ്ലാറ്റിനം മോതിരമാണ് കുറച്ചുകൂടി ചേരുന്നതെന്ന് മഞ്ജു വ്യക്തമാക്കി. കാർത്തിക് തനിക്ക് അനുജനെപ്പോലെയാണെന്നും ഒരിക്കലും മറക്കാനാകാത്ത ഒരു സമ്മാനം നൽകാൻ ആഗ്രഹിച്ചിരുന്നെന്നും നടി വ്യക്തമാക്കി.

'ഞാൻ മുരുകന്റെ ഭക്തനാണ്. മഞ്ജു ചേച്ചി എനിക്ക് സ്വന്തം ചേച്ചിയാണ്. ജീവിതത്തിൽ രണ്ടാമതായി മോതിരം ഇട്ടു തന്ന ആളാണ് ചേച്ചി. ആദ്യമായി മോതിരം ഇട്ടത് വർഷയാണ്. ഇപ്പോൾ ആവേശത്തിലെ രംഗണ്ണനെ പോലെ സർവാഭരണ വിഭൂഷിതനായി,'- കാർത്തിക് പറഞ്ഞു. വ്‌ളോഗിലൂടെയാണ് കാർത്തിക് സൂര്യ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ചാനൽ പരിപാടിയിൽ അവതാരകനായെത്തി. ഈ പരിപാടിയിൽ മഞ്ജു പിള്ളയും ഉണ്ടായിരുന്നു.