നടി മരിച്ചത് ഒൻപത് മാസം മുമ്പ്, ദുർഗന്ധം അറിഞ്ഞില്ല; മൃതദേഹം കണ്ടെത്തിയത് ദിവസങ്ങൾക്ക് മുമ്പ്

Friday 11 July 2025 3:37 PM IST

കറാച്ചി: അപ്പാർട്ട്‌മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ഒൻപത് മാസങ്ങൾക്ക് മുമ്പ് അതായത് കഴിഞ്ഞ വർഷം ഒക്‌ടോബറിലാകാം മരണം സംഭവിച്ചിട്ടുണ്ടാകുകയെന്നാണ് വിവരം.

മൃതദേഹം ജീർണിച്ച നിലയിലായിരുന്നെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ കറാച്ചി പൊലീസ് സർജൻ ഡോ. സമ്മയ്യ സയ്യിദ് സ്ഥിരീകരിച്ചു. 2024 ഒക്‌ടോബറിലാണ് നടി അവസാനമായി കോൾ ചെയ്തത്. മാത്രമല്ല കഴിഞ്ഞ സെപ്തംബറിലോ ഒക്ടോബറിലോ ആണ് നടിയെ അയൽക്കാർ അവസാനമായി കണ്ടതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ബില്ല് അടയ്ക്കാത്തതിനാൽ 2024 ഒക്ടോബറിൽ അവരുടെ അപ്പാർട്ട്‌മെന്റിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. തൊട്ടടുത്ത അപ്പാർട്ട്‌മെന്റിൽ ആളില്ലായിരുന്നു, അതിനാൽ ദുർഗന്ധം വമിച്ചത് ആരും അറിഞ്ഞില്ല. ഫെബ്രുവരിയിൽ ചില താമസക്കാർ തിരിച്ചെത്തിയപ്പോൾ, ദുർഗന്ധം മാറിയിരുന്നു. നടിയുടെ ബാൽക്കണിയിലെ വാതിലുകളിൽ ഒന്ന് തുറന്നിരിക്കുകയായിരുന്നു.

ഹുമൈറയുടെ മൃതദേഹം ഏറ്റെടുക്കാൻ ആദ്യം കുടുംബം വിസമ്മതിച്ചിരുന്നു. എന്നാൽ ഇപ്പോൾ സഹോദരൻ നവീദ് അസ്ഗർ മൃതദേഹം ഏറ്റുവാങ്ങാൻ കറാച്ചിയിൽ എത്തിയിട്ടുണ്ട്. ഏഴ് വർഷം മുമ്പ് ഹുമൈറ ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് താമസം മാറിയിരുന്നു. കുടുംബത്തിൽ നിന്ന് അകന്നു കഴിയുകയായിരുന്നുവെന്നും വല്ലപ്പോഴും മാത്രമേ ബന്ധുക്കളെ സന്ദർശിക്കാറുണ്ടായിരുന്നുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി. വാടക നൽകാത്തതുകൊണ്ട് വീട്ടുടമസ്ഥൻ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹുമൈറയുടെ മൃതദേഹം കണ്ടെത്തിയത്.