അത്യാഡംബര ബാഗ്, വിറ്റത് 83 കോടിക്ക്; ഒരു തുണ്ട് കടലാസിൽ നിന്ന് ഉദയം കൊണ്ടത് ഫാഷൻ ലോകത്തെ അത്ഭുതം

Friday 11 July 2025 3:46 PM IST

ഒരു ബാഗ് വാങ്ങാൻ നിങ്ങൾ എത്ര രൂപ ചെലവാക്കും, നൂറോ, അതോ ആയിരമോ അതുമല്ലെങ്കിൽ പതിനായിരമോ? എന്നാൽ അടുത്തിടെ ഒരു വ്യക്തി ബാഗ് വാങ്ങാൻ ചെലവാക്കിയത് 86 കോടി രൂപയാണ്. ലോകത്തിലെ തന്നെ ആത്യാഡംബര ബ്രാൻഡുകളിലൊന്നായ ബിർകിന്റെ ബാഗാണ് പാരീസിൽ സോത്ത്ബീസ് എന്ന സ്ഥാപനത്തിൽ നടന്ന ഒരു ലേലത്തിനിടയിൽ അയാൾ വൻവില കൊടുത്ത് സ്വന്തമാക്കിയത്. പക്ഷെ അയാൾ വാങ്ങിയ ബിർകിൻ ബാഗിന് ചില പ്രത്യേകതകളുണ്ട്. ബിർകിൻ ബ്രാൻഡിന്റെ തന്നെ ഉദയത്തിന് കാരണമായതും ഫ്രഞ്ച് സ്​റ്റൈൽ ഐക്കണും നടിയുമായ ജെയ്ൻ ബിർക്കിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ ബാഗാണിത്.

ജൂലായ് പത്തിനായിരുന്നു ലേലം സംഘടിപ്പിച്ചത്. ഫ്രഞ്ച് ലക്ഷ്വറി ഫാഷൻ ഹൗസായ ഹെർമിസ് നിർമിച്ച ബിർകിൻ ബാഗാണ് ലേലത്തിൽ വി​റ്റുപോയത്. ഒമ്പത് പേരാണ് ലേലത്തിൽ പങ്കെടുത്തത്. പത്ത് മിനിട്ട് നീണ്ടുനിന്ന ലേലത്തിനൊടുവിലാണ് ഒരു ജപ്പാൻകാരൻ ബാഗ് വൻവിലയ്ക്ക് സ്വന്തമാക്കിയത്. ഫാഷൻ വസ്തുക്കളിൽ ഇതുവരെ നടന്നിട്ടുളള ലേലങ്ങളിൽ വച്ച് റെക്കാഡ് തുകയാണ് ഈ ലേലം സ്വന്തമാക്കിയത്. ഇതിൽ സോത്ത്ബീസിന്റെ മേധാവി മോർഗൻ ഹാലിമി പ്രതികരിക്കുകയുണ്ടായി. ഫാഷൻ ലോകത്തെ ഇതിഹാസ സമാനമായ വസ്തുവാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്.

ബിർകിൻ ഉൽപ്പന്നങ്ങൾ ലേലത്തിന് വയ്ക്കുന്നത് ആദ്യത്തെ സംഭവമല്ല. 1994ൽ ജെയ്ൻ തന്നെയാണ് ലേലം നടത്തിയത്. അങ്ങനെ ലഭിച്ച വരുമാനം അവർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിച്ചത്. പിന്നീട് 25 വർഷങ്ങൾക്കുശേഷം കാതറിൻ എന്ന സ്ത്രീ വെളിപ്പെടുത്താത്ത തുകയ്ക്ക് ബിർകിന്റെ ബാഗ് സ്വന്തമാക്കിയിരുന്നു.

ബിർകിന്റെ ഉദയം

ലോകത്തെമ്പാടുമുളള ആഡംബര ഫാഷൻ മേഖലയിൽ ബിർകിന്റെ സ്ഥാനം വളരെ വലുതാണ്. രണ്ട് വ്യക്തികൾ തമ്മിലുളള അപ്രതീക്ഷിത കണ്ടുമുട്ടലിൽ നിന്നാണ് ബിർകിൻ ഉദയം കൊളളുന്നത്. 1981ൽ ജെയ്ൻ ബിർകിൻ ലണ്ടനിലേക്ക് പോകുന്നതിനായി എയർ ഫ്രാൻസിൽ കയറി. അങ്ങനെയാണ് അവർ ഹെർമിസിന്റെ ചെയർമാനായിരുന്ന ജീൻ ലൂയിസ് ഡുമസുമായി ചില സൗഹൃദ സംഭാഷങ്ങളിൽ ഏർപ്പെട്ടു. ജെയ്നിന് തന്റെ സ്യൂട്ട്‌കേസിൽ എല്ലാ സാധനങ്ങളും വയ്ക്കാൻ സാധിച്ചിരുന്നില്ല.

അതിനിടെ തനിക്കായി ഒരു ബാഗ് രൂപകൽപ്പന ചെയ്യാമോയെന്ന് ജെയ്ൻ ജീൻ ലൂയിസിനോട് ചോദിച്ചത്. അവർക്കുളള സ്യൂട്ട്‌കേസിന്റെ പകുതി വലിപ്പമുളള ബാഗ് ചെയ്യാമോയെന്നാണ് ചോദിച്ചത്. അതൊന്ന് വരച്ച് കാണിക്കാനും അവർ ആവശ്യപ്പെട്ടു. ആ സമയത്താണ് ജീൻ ലൂയിസ് വിമാനത്തിലെ വോമി​റ്റ് ബാഗിൽ തന്റെ ആശയ ചിത്രം വരച്ചത്. ആ സംഭവത്തിനുശേഷം പിറന്നത് ചരിത്രമായിരുന്നു. നാല് വർഷങ്ങൾക്കുശേഷം ജീൻ ലൂയിസ് ജെയ്നിന് ഒരു ബാഗ് സമ്മാനിച്ചു. ആ ബാഗിന് ബിർകിൻ എന്ന പേരിടട്ടെയെന്ന് അനുവാദവും ചോദിച്ചു. അങ്ങനെയാണ് ബിർകിൻ എന്ന ആഡംബര ഫാഷൻ ബ്രാൻഡ് ഉദയം കൊണ്ടത്.

യഥാർത്ഥ ബിർകിൻ ഇന്ന് വിപണികളിൽ വി​റ്റഴിയുന്ന ബിർകിൻ ബാഗുകളെക്കാൾ വ്യത്യസ്തമാണ് ഒറിജിനൽ ബിർകിൻ ബാഗ്. ഇതിന്റെ മുൻവശത്തെ ഫ്ളാപ്പിൽ ഇനിഷ്യലുകൾ (ജെബി) എന്ന് ചേർത്തിട്ടുണ്ട്. ഒരു ഫിക്സഡ് ഷോൾഡർ സ്ട്രാപ്പ് ഉണ്ടായിരുന്നു. ബാഗിന്റെ പുറമേ ബ്രാസ് ഹാർഡ്‌വെയർ (പിച്ചള) രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ നെയ്ൽ ക്ലിപ്പറും ഘടിപ്പിച്ചിട്ടുണ്ട്.

അന്നത്തെ കാലത്തുളളവർ ബിർകിൻ ബാഗുകളെ അവരുടെ ആസ്തിയുടെ പ്രതീകമായാണ് കണ്ടിരുന്നത്. പല സിനിമാതാരങ്ങളും ബിർകിൻ ബാഗുകൾ വാങ്ങാൻ മത്സരിച്ചിരുന്നു. പ്രമുഖരായ കേ​റ്റ് മോസ്, ജെന്നിഫർ ലോപ്പസ്, കിം കർദാഷിയാൻ, വിക്ടോറിയ ബെക്കാം, ലേഡി ഗാഗ എന്നിവരുൾപ്പടെയുളളവർ ബിർകിൻ ബാഗുകൾ സ്വന്തമാക്കിയിരുന്നു. ഓരോ വർഷവും വളരെ വിരളമായിട്ട് മാത്രമേ ബിർകിൻ ബാഗുകൾ നിർമിക്കുന്നുളളൂ. അതുകൊണ്ടുതന്നെ ബിർകിൻ ബാഗ് സ്വന്തമാക്കാൻ പ്രയാസങ്ങളും ഉണ്ട്.

കരകൗശല മേഖലകളിൽ ആറ് മുതൽ എട്ട് വർഷം വരെ പരിചയസമ്പത്തുളള വിദഗ്ധരാണ് ബിർകിനുകൾ തയ്യാറാക്കുന്നത്. അവർക്ക് ഒരു ബാഗ് നിർമിക്കാൻ 12 മുതൽ 18 മണിക്കൂറുകൾ ആവശ്യമായി വരുമെന്നാണ് റിപ്പോർട്ടുകൾ. തന്റെ പല അഭിമുഖങ്ങളിലും ബാഗിനെക്കുറിച്ച് ജെയ്‌ൻ തമാശകൾ പറയുമായിരുന്നു. 2023ലാണ് ജെയ്‌ൻ മരിച്ചത്.