കാഷ് പട്ടേലിനോടുള്ള വിശ്വസ്തത തെളിയിക്കണം, എഫ്ബിഐ ഏജന്റുമാരെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാക്കുന്നു
വാഷിംഗ്ടൺ: അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) തങ്ങളുടെ ജീവനക്കാരെ പോളിഗ്രാഫ് പരിശോധനകൾക്ക് വിധേയരാക്കുന്നതായി റിപ്പോർട്ടുകൾ. അവർ അവരുടെ രാജ്യത്തെ ഒറ്റിക്കൊടുക്കുകയാണോ അതോ രഹസ്യങ്ങൾ സൂക്ഷിക്കാനാകുമോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ എഫ്ബിഐ ഡയറക്ടറായി ചുമതലയേറ്റതിന് ശേഷമാണ് ഏജൻസിക്കുള്ളിൽ വ്യാപകമായി പോളിഗ്രാഫ് ടെസ്റ്റ് നടത്താൻ തുടങ്ങിയത്. കാഷ് പട്ടേലിനെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് ടെസ്റ്റിനിടെ ചില ജീവനക്കാരോട് ചോദിക്കുകയും ചെയ്തു.
കാഷ് പട്ടേൽ സർവീസ് വെപ്പൺ ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ള റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് ആരാണ് ചോർത്തി നൽകിയതെന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഡസൻ കണക്കിന് ജീവനക്കാരോട് ഈ പരിശോധനകൾക്ക് വിധേയരാകാൻ ആവശ്യപ്പെട്ടു. വിവരം ചോർത്തിയോയെന്നറിയുന്നതിന് എഫ്ബിഐ നടത്തുന്ന നടപടികളുടെ ഭാഗമാണിത്. കാഷ് പട്ടേലിനെ അവഹേളിച്ചാൽ തങ്ങളുടെ ജോലി നഷ്ടപ്പെടുമോയെന്ന ആശങ്ക ജീവനക്കാർക്കിടയിലുണ്ട്.
ആരാണ് കാഷ് പട്ടേൽ
എഫ്ബിഐയുടെ ഒമ്പതാമത്തെ ഡയറക്ടറാണ് കാഷ് പട്ടേൽ. ഈ വർഷം ആദ്യമാണ് അദ്ദേഹം ചുമതലയേറ്റത്.ഭഗവത് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം പദവിയേറ്റത്. ട്രംപിന്റെ ആദ്യത്തെ പ്രസിഡൻഷ്യൽ കാലയളവിൽ കാഷ് യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ സേവനമനുഷ്ഠിച്ചിരുന്നു.
അഭിഭാഷകനായ കാഷ്, ട്രംപിന്റെ അടുത്ത അനുയായി കൂടിയാണ്. ഗുജറാത്തിൽ നിന്ന് കിഴക്കേ ആഫ്രിക്കയിലേക്കും തുടർന്ന് യു.എസിലേക്കും കുടിയേറിയവരാണ് കാഷിന്റെ മാതാപിതാക്കൾ. കാഷ് പട്ടേൽ എന്നാണ് അറിയപ്പെടുന്നതെങ്കിലും യഥാർത്ഥ പേര് കശ്യപ് പട്ടേൽ എന്നാണ്.