ഇടറോഡിൽ വൃദ്ധയെ തള്ളിയിട്ട് മാല പൊട്ടിച്ചു; സ്‌ത്രീയെ കയ്യോടെ പിടികൂടി നാട്ടുകാർ
Friday 11 July 2025 4:46 PM IST
തിരുവനന്തപുരം: വെഞ്ഞാറമൂടിന് സമീപം ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന വയോധികയുടെ സ്വർണമാല പൊട്ടിച്ചുകൊണ്ട് ഓടാൻ ശ്രമിച്ച സ്‌ത്രീ പിടിയിൽ. വള്ളക്കടവ് സ്വദേശിനി ശാലിനി (45) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
പിരപ്പൻകോട് കാവിയോട് സ്വദേശിനി ഓമന ബസ് സ്റ്റോപ്പിൽ നിന്ന് വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് സംഭവം. വീടുകളില്ലാത്ത ഇടറോഡിൽ വച്ച് ഓമനയെ തള്ളിയിട്ട ശേഷം ശാലിനി അവരുടെ കഴുത്തിൽ കിടന്നിരുന്ന സ്വർണമാല പൊട്ടിക്കുകയായിരുന്നു. ഓമന ബഹളം വച്ചതോടെ രക്ഷപ്പെടാൻ ശ്രമിച്ച ശാലിനിയെ നാട്ടുകാർ ചേർന്ന് പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്‌തു. ശാലിനിക്കെതിരെ സമാനമായ കേസുകളൊന്നും ഇല്ലെന്നാണ് വെഞ്ഞാറമൂട് പൊലീസ് പറഞ്ഞത്.