ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി, പ്രതിക്ക് മാസം 17 ലക്ഷം രൂപ വരുമാനം
ഗുരുഗ്രാം: വനിതാ ടെന്നിസ് താരത്തെ പിതാവ് വെടിവച്ചുകൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാധിക യാദവാണ് (25)കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പിതാവ് ദീപക്ക് യാദവിനെ ഇന്നലെത്തന്നെ അറസ്റ്റ് ചെയ്‌തിരുന്നു. ഇയാളുടെ തോക്കും പിടിച്ചെടുത്തു.
പ്രതിയുടെ മൊഴി പുറത്തുവന്നിട്ടുണ്ട്. മകളുടെ കാശ് കൊണ്ടാണ് ജീവിക്കുന്നതെന്ന് പറഞ്ഞ് ചിലർ തന്നെ പരിഹസിച്ചെന്നും ഇത് അഭിമാനത്തെ മുറിവേൽപ്പിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിക്ക് ഗുരുഗ്രാമിൽ ആഡംബര ഫാം ഹൗസുൾപ്പടെ നിരവധി കെട്ടിടങ്ങളുണ്ട്. വാടകയിനത്തിൽ മാത്രം പ്രതിമാസം പതിനേഴ് ലക്ഷം രൂപവരെ വരുമാനമുണ്ട്.
രാധിക ടെന്നിസ് അക്കാദമി നടത്തിവരികയായിരുന്നു. യുവതി സ്വന്തമായി വരുമാനമുണ്ടാക്കുന്നെന്ന് പറഞ്ഞ് ചിലർ ദീപക്കിനെ കളിയാക്കിയിരുന്നു. ഇതിന്റെ പേരിൽ അക്കാദമി അടച്ചുപൂട്ടാൻ ഇയാൾ പല തവണ മകളോട് പറഞ്ഞിരുന്നു. എന്നാൽ രാധിക അനുസരിക്കാൻ തയ്യാറായില്ല. കൂടാതെ അക്കാദമിയുടെ പ്രമോഷന്റെ ഭാഗമായി രാധിക ഇൻസ്റ്റഗ്രാമിൽ റീലുകളിട്ടിരുന്നു. ഇതും ദീപക്ക് യാദവിനെ ചൊടിപ്പിച്ചു.
ഹരിയാന ഗുരുഗ്രാം സെക്ടർ 57-ലെ സുശാന്ത് ലോക് രണ്ടാം ഫേസിലെ വീട്ടിൽ ഇന്നലെയാണ് കൊലപാതകം നടന്നത്. അഞ്ചുതവണ പ്രതി മകൾക്കുനേരെ വെടിയുതിർത്തിരുന്നു. എന്നാൽ ദീപക്കിന് മകളെ വലിയ ഇഷ്ടമായിരുന്നുവെന്നും വ്യക്തിപരമായ എന്തെങ്കിലും കാരണമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് അയൽവാസി പറയുന്നത്. സംഭവത്തിൽ അന്വേഷണം തുടരുന്നു.