തന്തവൈബിൽ ടൊവിനോയുടെ നായിക മമിത ബൈജു

Saturday 12 July 2025 6:11 AM IST

ടൊവിനോ തോമസിനെ നായകനാക്കി മുഹ്സിൻ പരാരി സംവിധാനം ചെയ്യുന്ന തന്ത വൈബ് എന്ന ചിത്രത്തിൽ മമിത ബൈജു നായിക. ഇതാദ്യമായാണ് ടൊവിനോ തോമസിന്റെ നായികയായി മമിത ബൈജു എത്തുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം. ഒരു ദശാബ്ദത്തിനുശേഷം മുഹ്സിൻ പരാരി സംവിധായകനായി എത്തുന്നു എന്ന പ്രത്യേകതയുണ്ട് തന്ത വൈബിന് .2015ൽ റിലീസ് ചെയ്ത കെ.എൽ 10 പത്ത് എന്ന ചിത്രത്തിലൂടെയാണ് മുഹ്സിൽ പരാരി സംവിധായകനാകുന്നത്.

സുഡാനി ഫ്രം നൈജീരിയ, വൈറസ്, തല്ലുമാല തുടങ്ങി ശ്രദ്ധേയമായ ചിത്രങ്ങളുടെ രചയിതാവായി പ്രവർത്തിച്ചുണ്ട്. ജിംഷി ഖാലിദ് ആണ് തന്ത വൈബിന്റെ ഛായാഗ്രഹണം. സംഗീതം വിഷ്ണു വിജയ്‌യും എഡിറ്റിംഗ് ചമൻ ചാക്കോയും നിർവഹിക്കുന്നു. അതേസമയം തൊടുപുഴയിൽ പള്ളിച്ചട്ടമ്പിയിൽ അഭിനയിക്കുകയാണ് ടൊവിനോ. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പിയിൽ കയാദു ലോഹർ ആണ് നായിക. എസ്. സുരേഷ് ബാബു രചന നിർവഹിക്കുന്നു. ടൊവിനോയെ കാത്ത് നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവരോടൊപ്പം നവാഗത സംവിധായകന്റെ ചിത്രം ടൊവിനോയെ കാത്തിരിപ്പുണ്ട്.